വണ്ടാനം മെഡിക്കല്‍ കോളജ് സ്റ്റാളുകള്‍ക്ക് ടെണ്ടര്‍; ഹൈക്കോടതി സ്റ്റേ ചെയ്തു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു മില്‍മാ ബൂത്ത് ഉള്‍പ്പെടെ 6 കോഫി സ്റ്റാളുകളുടെ ടെണ്ടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാലു സ്റ്റാളുകള്‍ ഭിന്നശേഷിക്കാര്‍ നടത്തുന്നതും മറ്റു രണ്ട് സ്റ്റാളുകള്‍ ജനറലുമാണ്.
എന്നാല്‍ സ്റ്റാളുകള്‍ ലേലം ചെയ്യുന്നതിനായി ആശുപത്രി സൂപ്രണ്ട് സന്തോഷ് രാഘവന് ആശുപത്രി വികസന സമതിയുടെ തീരുമാനപ്രകാരം പുതിയ ടെണ്ടര്‍ ക്ഷണിച്ചിരുന്നു.ടെണ്ടര്‍ സ്വീകരിയ്ക്കുന്ന അവസാന ദിവസം ഇന്നലെ വൈകുന്നേരം 3 മണി വരെയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കു് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വയം തൊഴിലിനായി സര്‍ക്കാര്‍ അനുവദിച്ച സ്റ്റാളുകളാണെന്നും ഇതിനെ ആശ്രയിച്ചാണ് തങ്ങളുടെ കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നതെന്നും കാണിച്ച് ഇപ്പോള്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിയ്ക്കുന്നവര് ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഒരു മാസത്തേക്ക് ടെണ്ടര്‍ നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഒരു മാസത്തിനു ശേഷം ഹൈക്കോടതിയുടെ അനുമതിയോടെ ടെണ്ടര്‍ നടപടികള്‍ ആരംഭിയ്ക്കുമെന്ന് ആശുപത്രി സൂപ്രണ്ട് സന്തോഷ് രാഘവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."