പഴയ ഭീകരവിരുദ്ധകേന്ദ്രം പുനഃസ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിനായി യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിടുകയും വിവാദമായതോടെ വേണ്ടെന്നു വെക്കുകയും ചെയ്ത ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) നരേന്ദ്രമോദി സര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നു. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ പോലുള്ള കോണ്‍ഗ്രസ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്ന കനത്ത എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു 2012 ഫെബ്രുവരിയില്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങുന്നത് മരവിപ്പിച്ചത്. എന്‍.സി.ടി.സിയെ എതിര്‍ക്കുന്നതില്‍ അന്ന് മുമ്പിലുണ്ടായിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. അദ്ദേഹമിപ്പോള്‍ പ്രധാനമന്ത്രിയാണെന്നിരിക്കെയാണ് മുന്‍ യു.പി.എ സര്‍ക്കാരിന്റെ ആശയം പുനഃസ്ഥാപിക്കാനായി നീക്കം നടത്തുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്ര്ശി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയെ അറിയിച്ചു. 2001 സപ്തംബര്‍ 11നു ന്യൂയോര്‍ക്കിലെ ലോകവ്യാപാരകേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക രൂപം നല്‍കിയ മാതൃകയിലാണ് ചിദംബരവും ഇന്ത്യയില്‍ ഭീകരവിരുദ്ധ കേന്ദ്രമെന്ന ആശയം അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗമെന്ന നിലയില്‍ ഇപ്പോള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനും ചിദംബരമാണ്.
ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ചാണ് ചിദംബരത്തിന്റെ നീക്കത്തെ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍ത്തത്. ഇപ്പോള്‍ സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തി ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഇന്റലിജന്റ്‌സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള കേന്ദ്രരൂപീകരണത്തിന് 2012ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അന്നത്തെ വിജ്ഞാപനം അനുസരിച്ച് എന്‍.സി.ടി.സിക്ക് ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) പ്രകാരം അറസ്റ്റ്‌ചെയ്യാനും റെയ്ഡ് നടത്താനുമുള്ള അധികാരം ഉണ്ട്.
ബില്ലിനെ രൂക്ഷമായ ഭാഷയില്‍ അന്നു വിമര്‍ശിച്ച നരേന്ദ്രമോദി, ബ്രിട്ടീഷ് ഭരണത്തിലെ വൈസ്രോയിമാരെ പോലെയാണ് ഈ പ്രശ്‌നത്തില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഭീകരവിരുദ്ധ കേന്ദ്രം രൂപീകരിക്കുന്നതിന് അനുകൂലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."