കേരളം ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനെത്തുന്ന കുടുംബങ്ങളുടെ പറുദീസയായി കേരളം മാറുന്നു. കുടുംബങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഇത്തവണ തിരഞ്ഞെടുത്തത് കേരളത്തെയാണ്.
പ്ലാനെറ്റ് മാഗസിന്‍ എന്ന ടൂറിസം മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യയിലെ മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന പദവി ദൈവത്തിന്റെ സ്വന്തം നാടിനെ തേടിയെത്തിയത്. മുംബൈയില്‍ തിങ്കളാഴ്ച നടന്ന പുരസ്‌കാര ദാനച്ചടങ്ങില്‍ കേരള ടൂറിസം ഡയരക്ടര്‍ യു.വി ജോസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ടൂറിസം വ്യവസായത്തിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന വാര്‍ഷിക പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച യാത്രാനുഭവങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട താമസസ്ഥലങ്ങള്‍, ഇന്ത്യക്കാര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കേന്ദ്രങ്ങള്‍ എന്നിവ ശ്രദ്ധാകേന്ദ്രമാകാറുണ്ട്.
ട്രോപ്പിക്കല്‍ സിംഫണി എന്ന് വിവരിച്ചിരിക്കുന്ന കേരളത്തിലെ യാത്രാനുഭവം കായലില്‍ തെന്നിനീങ്ങുംപോലെ ക്ലേശരഹിതവും അനുഭവസമ്പന്നവുമാണെന്ന് മാസികയുടെ വായനക്കാര്‍ പറയുന്നു.
നിരവധി ആകര്‍ഷകമായ വിനോദോപാധികളും സംതൃപ്തമായ താമസ, ഭക്ഷണ സൗകര്യങ്ങളും സൗഹാര്‍ദപരവും കരുതലോടെയുമുള്ള സമീപനം സ്വീകരിക്കുന്ന പ്രാദേശിക സംസ്‌കൃതിയുമുള്ള കേരളം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്ക് ഏളുപ്പവും സൗകര്യപ്രദവുമായ കേന്ദ്രമാണെന്നും വിലയിരുത്തുന്നുണ്ട്.
യാത്രാ വിദഗ്ധരുടെയും പ്രൊഫഷനലുകളുടെയും പാനല്‍ തെരഞ്ഞെടുക്കുന്ന നാമനിര്‍ദേശ പട്ടികയില്‍നിന്ന് ഓണ്‍ലൈന്‍ വഴിയും മാസികയിലൂടെയും വായനക്കാര്‍ വോട്ട് ചെയ്താണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രം എന്ന വിഭാഗത്തിലെ പുരസ്‌കാരം കൂടാതെ സാംസ്‌കാരിക, വിശ്രമാധിഷ്ഠിത കേന്ദ്ര വിഭാഗങ്ങളിലും കേരളത്തിനു നാമനിര്‍ദേശം ലഭിച്ചിരുന്നു. ആകെ 20 വിഭാഗങ്ങളിലായാണു മത്സരം നടന്നത്.
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്കായുള്ള മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതും പുറംലോകത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ ലോകമായാണ് സര്‍വേ സംഘടിപ്പിച്ച ലോണ്‍ലി പ്ലാനെറ്റ് മാഗസിന്‍ കേരളത്തെ വിവരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ അപരനാമം ഇപ്പോള്‍ ഉചിതമായിരിക്കുകയാണെന്നും മാസിക ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിന് ലഭിച്ച ഒടുവിലത്തെ പുരസ്‌കാരമാണ് ലോണ്‍ലി പ്ലാനെറ്റ് പുരസ്‌കാരം.
ആശയ വിനിമയരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌കാരം, ഉത്തരവാദിത്ത ടൂറിസത്തിനായുള്ള മള്‍ട്ടീമീഡിയ കാംപയിനായ ന്യൂ വേള്‍ഡ്‌സിന് കഴിഞ്ഞ മാസം ലോകത്തെ പ്രമുഖ ട്രാവല്‍, ട്രേഡ് ഷോ ആയ ഐ.റ്റി.ബി ബെര്‍ലിന്‍ പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചിരുന്നു.
സുസ്ഥിര വിനോദസഞ്ചാരത്തിലെ ആഗോളനേതാവ് എന്ന നിലയിലെ സംഭാവനകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ ലോക വിനോദസഞ്ചാര സംഘടനയുടെ യുലീസസ് പുരസ്‌കാരവും കേരള ടൂറിസത്തിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."