കുടിവെള്ളം കിട്ടാനില്ല; കാലിക്കുടവുമായി പഞ്ചായത്ത് പടിക്കല്‍ സ്ത്രീകളുടെ പ്രതിഷേധം
പൂച്ചാക്കല്‍: കുടിവെള്ളം കിട്ടാതായതോടെ സ്ത്രീകള്‍ കാലിക്കുടവുമായി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധവുമായെത്തി. പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ജെട്ടി പ്രദേശത്തെ സ്ത്രീകളാണ് ഇന്നലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് കാലിക്കുടവുമായി ധര്‍ണ്ണ നടത്തിയത്.
വര്‍ഷങ്ങളായി ശുദ്ധജലം ലഭ്യമല്ലാതെ നെട്ടോട്ടമോടുന്ന സ്ഥിതിയാണ് ഈ പ്രദേശത്തുള്ളത്.ദൈനംദിന ആവശ്യങ്ങള്‍ക്കായി ദൂരങ്ങളില്‍ നിന്നും തലച്ചുമടുമായും വള്ളങ്ങളിലുമാണ് കുടിവെള്ളമെത്തിക്കുന്നത്.സമീപ പ്രദേശങ്ങളിലും വാര്‍ഡുകളിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ചുവെങ്കിലും ജെട്ടി നിവാസികളുടെ കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ അധികൃതര്‍ അവഗണനയാണ് കാട്ടുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വാര്‍ഡ് അംഗം അഡ്വ.എസ്. രാജേഷ് പ്രദേശത്ത് ജപ്പാന്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന്റെ ഉത്തരവ് വന്നത്.
ഇത് മൂലം പൈപ്പ് സ്ഥാപിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്.ജെട്ടി നിവാസികളായ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ വലയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രദേശവാസികളായ സ്ത്രീകള്‍ ബഹിഷ്‌ക്കരിച്ചു കൊണ്ട് പോസ്റ്ററുകള്‍ സ്ഥാപിച്ചുവെങ്കിലും കടിവെള്ളപ്രശ്‌നം അടിയന്തിരമായി പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ശുദ്ധ ജലം ലഭിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ സമരത്തിന് തയ്യാറായത്.
രാവിലെ കാലിക്കുടവുമായി പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനത്തോടെയാണ് എത്തിയത്.ഉച്ചവരെ നീണ്ടു നിന്ന ധര്‍ണ്ണ വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പിരിയുകയായിരുന്നു.
വാട്ടര്‍ അതോറിറ്റിയും എം.എ യുമായി തിങ്കളാഴ്ച്ച കൂടിയാലോചിച്ച് നിലവില്‍ വാര്‍ഡുകളില്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിട്ടുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിച്ച് പൂര്‍ത്തീകരിക്കുമെന്നാണ് തീരുമാനം.പൂച്ചാക്കല്‍ ജെട്ടി നിവാസികളായ സജിനി, മിനി എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ്ണ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."