ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
കടുത്തുരുത്തി: ചിട്ടി പിരിവുകാരന്റെ ബാഗും പണവും തട്ടിയെടുത്ത കേസില്‍ വര്‍ഷങ്ങളായി ഒളിവിലായിരുന്ന പ്രതി പൊലിസിന്റെ പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ആര്‍പ്പൂക്കര ഓടയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (50) ആണ് അറസ്റ്റിലായത്. 2002 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വെള്ളാശ്ശേരി കുഴിവേലില്‍ ചാണ്ടി പത്രോസിന്റെ 16,000 രൂപയും ബാഗുമാണ് മുഹമ്മദ് റഷീദുള്പെടെ മൂന്ന് പ്രതികള്‍ ബൈക്കിലെത്തി പിടിച്ചു പറിച്ചത്. കേസിലെ മറ്റു പ്രതികളായ പ്രസാദ്, ബൈജു എന്നിവര്‍ കേസില്‍ പിടിയിലായി ശിക്ഷിക്കപെട്ടിരുന്നു. മുഹമ്മദ് റഷീദ് ജാമ്യം എടുത്ത ശേഷം മുങ്ങുകയായിരുന്നു. കുമരകം, ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കള്ളനോട്ട്, കഞ്ചാവ് എന്നിവയുമായി ബന്ധപെട്ട് കേസുണ്ട്.
ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദേശമനുസരിച്ചു വെള്ളിയാഴ്ച്ച രാത്രിയില്‍ കടുത്തുരുത്തി സി.ഐ എം.കെ ബിനുകുമാര്‍, പ്രിന്‍സിപ്പള്‍ എസ്.ഐ ജെ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കോംമ്പിംഗ് ഓപ്പറേഷനിലാണ് പ്രതിയെ കോട്ടയത്തുനിന്നും പിടികൂടിയത്. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."