സീബ്രാ ലൈനുകളിലെ വാഹന പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
കുന്നംകുളം: കുന്നംകുളത്തെ പ്രധാന റോഡുകളിലെ സീബ്രാ ലൈനുകളില്‍ ബസ്സടക്കമുളള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്ര ക്കാര്‍ക്ക് ദുരിതമാവുന്നു. സീബ്രാ ലൈന്‍ വകവെക്കാതെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ റോഡുകളില്‍ മരണക്കളമൊരുക്കുകയാണ്..
നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വേണ്ടി വരച്ചിട്ടുളള സീബ്രാ ലൈനുകള്‍ ജലരേഖകളാവുകയാണ്. റോഡുകള്‍ക്കിരുവശത്തും നിന്നു വരുന്ന വാഹനങ്ങള്‍ സീബ്രാ ലൈന്‍ കണ്ടില്ലെന്ന് നടിച്ചാണ് ചീറിപായുന്നത്. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവരെ കണ്ടാലും വാഹനങ്ങള്‍ നിര്‍ത്താറില്ല. പട്ടാമ്പി റോഡില്‍ വരച്ചിട്ടുളള സീബ്രാ ലൈനിനു മുകളിലാണ് പലപ്പോഴും ദീര്‍ഘദൂര ബസുകളടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് ഭീതിയുളവാക്കുന്ന രീതിയിലാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്.
ബസുകള്‍ ഇത്തരത്തില്‍ കയറ്റി പാര്‍ക്ക് ചെയ്യുന്നതു മൂലം റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ബസിനു പുറകിലുളള വാഹന ങ്ങള്‍ കാണാന്‍ സാധിക്കില്ല. റോഡിന്റെ പകുതിയോളം മുറിച്ചു കടന്നതിനു ശേഷമാണ് പുറകിലുളള വാഹനങ്ങള്‍ കാണാന്‍ സാധിക്കുളളൂ.
ഇങ്ങനെ നിരവധി തവണ ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വടക്കാഞ്ചേരി റോഡില്‍ വരച്ചിട്ടുള്ള രണ്ട് സീബ്രാ ലൈനുകളുടെയും സ്ഥിതി വിചിത്രമല്ല. ബസ് സ്റ്റാന്റിനോട് ചേര്‍ന്നുളള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ അത്ര എളുപ്പം സാധിക്കില്ല. ദയ തോന്നി ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ പിറകിലുളള വാഹനങ്ങള്‍ ഹോണടിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങും. ഗതികെട്ട് വാഹനം നിര്‍ത്തിയ ആള്‍ ബഹളം ഭയന്ന് വാഹനം എടുത്തു പോകേണ്ടിവരും.
ഈ സീബ്രാ ലൈനില്‍ ഒരു കാരണവശാലും ബസുകാര്‍ നിര്‍ത്തില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. പെട്ടെന്ന് ബസ് സ്റ്റാന്റിനുള്ളിലേക്ക് ബസുകള്‍ കയറുന്നതിനു വേണ്ടിയാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇവിടെ റോഡ് മുറിച്ചു കടക്കാന്‍ കഷ്ടപ്പെടുന്നത്. വൃദ്ധ ജനങ്ങളെ കണ്ടാല്‍ പോലും വാഹനങ്ങള്‍ നിര്‍ത്താന്‍ മെനക്കെടാറില്ല. ഭയന്നു വിറച്ചാണ് റോഡിന്റെ വശങ്ങളില്‍ പോലും നടക്കുന്നത്. തൃശൂര്‍ റോഡില്‍ ബസ് സ്റ്റാന്റിനു നേരെ വരച്ചിട്ടുളള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കട ക്കാനും പ്രയാസകരമാണ്. ബസുകള്‍ ഏതു നിമിഷവും റോഡിലേക്ക് പ്രവേശിക്കുമെന്നതിനാല്‍ ഈ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കട ക്കാന്‍ ആരും ശ്രമിക്കാറില്ല. നഗരത്തിന്റെ വിവിധ റോഡുകളില്‍ വരച്ചിട്ടുളള സീബ്രാ ലൈനുകളുടെയും സ്ഥിതി വിഭിന്നമല്ല.
ചുരുക്കത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായകമാകുന്നതിന് വരച്ചിട്ടുള്ള സീബ്രാ ലൈനുകള്‍കൊണ്ട് യാത്രക്കാരെക്കാള്‍ കൂടുതല്‍ വാഹന യാത്രക്കാര്‍ക്കാണ് ഉപയോഗം. പൊലിസിന്റെ കര്‍ശന പരിശോധന മാത്രമാണ് സീബ്രാ ലൈനുകളിലൂടെയുള്ള കാല്‍നട യാത്രക്കാരുടെ സഞ്ചാരം സുരക്ഷിതമാക്കുകയുളളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."