സ്‌കൂളുകള്‍ ഏറ്റെടുക്കല്‍ റദ്ദ് ചെയ്തുവെന്ന പ്രചരണം അടിസ്ഥാന രഹിതം: മന്ത്രി എ.സി മൊയ്തീന്‍
എരുമപ്പെട്ടി: കോടതി ഉത്തരവ് പ്രകാരം അടച്ച് പൂട്ടല്‍ നടപടി നേരിട്ട സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ചില സാങ്കേതിക തടസങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം അടച്ച് പൂട്ടിയ തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വായനാ ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി സുപ്രഭാതത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയി ലാണ് ഇക്കാര്യം അറിയിച്ചത്. കിരാലൂര്‍ സ്‌കൂള്‍ കിരാലൂരില്‍ തന്നെ നിലനിര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരീച്ച് വരികയാണെന്നും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പറഞ്ഞു. വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായശാലയിലാണ് അടച്ച് പൂട്ടിയതിന് ശേഷം കിരാലൂര്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് വരുന്നത്. സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ വൈകുന്നത് രക്ഷിതാക്കളേയും അധ്യാപകരേയും ആശങ്കയിലാക്കിയിരുന്നു. ഇതിനിടയില്‍ അടച്ച് പൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തുവെന്ന പ്രചരണവും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."