പെയിന്‍ ആന്റ് പാലിയേറ്റീവില്‍ സൗജന്യ മരുന്നു വിതരണത്തെ ചൊല്ലി തര്‍ക്കം
വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവില്‍ സൗജന്യ മരുന്നു വിതരണത്തെ ചൊല്ലി തര്‍ക്കം. അടുത്തിടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തന മേല്‍നോട്ടം അതത് ഗ്രാമപഞ്ചായത്തുകള്‍ക്കായി നിജപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് ക്ലിനിക്കില്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്താന്‍ ഒരുങ്ങിയതാണ് പുതിയ തര്‍ക്കത്തിനിടവരുത്തിയത്. അജയ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അമ്പതിനായിരം രൂപയുടെ മരുന്ന് ക്ലിനിക്കിലേക്ക് നല്‍കി. നിരവധി രോഗികളാണ് മരുന്ന് വാങ്ങാന്‍ കാത്തു നിന്നത്. എന്നാല്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തില്‍ ആശുപത്രി സൂപ്രണ്ട് പ്രദീപ്കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇതേ ചൊല്ലി പാലിയേറ്റിവ് വളണ്ടിയര്‍മാരും രോഗികളില്‍ ചിലരും ഡോക്ടറുമായി തര്‍ക്കത്തിലുമെത്തി. ഇതിനിടയില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരിയും ഡി.വൈ.എഫ്.ഐ നേതാക്കളും ആശുപത്രിയിലെത്തി.
മുഴുവന്‍ രോഗികള്‍ക്കും പഞ്ചായത്തിലെ പാലിയേറ്റീവ് ക്ലീനിക്കിലൂടെ മരുന്ന് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. തുടര്‍ന്ന് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ കൈവശം വെച്ചിരുന്ന ക്ലിനിക്കിന്റെ താക്കോല്‍ സ്ഥലത്തെത്തിയ വാടാനപ്പള്ളി പൊലിസിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."