മാളയിലെ 32 കൊല്ലം മുന്‍പുള്ള ചുമരെഴുത്ത് മണ്ണടിയുന്നു
മാള: തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി മാറിയ 32 കൊല്ലത്തിന് മുന്‍പുള്ള മാളയിലെ ചുമരെഴുത്ത് മണ്ണടിയാനൊരുങ്ങുന്നു. പഴയകാല തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മാള ടൗണിലുള്ള കെട്ടിടത്തിന്റെ ചുമരിലാണ് സ്ഥാനാര്‍ഥി ഗര്‍വാസീസ് അരീക്കലിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് എഴുതിയിരുന്നത്. 1984 ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അതിദാരുണമായി കൊല ചെയ്യപ്പെട്ടതിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പിന്റെ ചുമരെഴുത്താണ് 32 വര്‍ഷത്തിനിപ്പുറവും മായാതെ കിടക്കുന്നത്. വാശിയേറിയ മത്സരത്തില്‍ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഗര്‍വ്വാസീസ് അരീക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. യു.ഡി.എഫിന്റെ കെ.മോഹന്‍ദാസും ഇടതുപക്ഷത്തിന്റെ എം.എം ലോറന്‍സും തമ്മിലായിരുന്നു പ്രധാന മത്സരം. വീറും വാശിയുമേറിയ മത്സരത്തില്‍ കെ.മോഹന്‍ദാസാണ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ചുമരില്‍ തെങ്ങ് അടയാളം വരച്ച് എതിര്‍ സ്ഥാനാര്‍ഥിയായ ലോറന്‍സിനെ പരിഹസിച്ചാണ് ഗര്‍വ്വാസീസ് അരീക്കലിന് വോട്ടഭ്യര്‍ഥിച്ചുള്ള ചുമരെഴുത്ത്. ഓടരുത് ലോറ മണി കിലുങ്ങും എന്ന വാചകമാണ് ഇന്നും മായാതെ കിടക്കുന്നത്. ഈ ചുമര്‍ അടക്കമുള്ള കെട്ടിടം നഗര വികസനത്തിനായി അടുത്ത ദിവസങ്ങളില്‍ പൊളിക്കും. ഈ കെട്ടിടം പൊളിക്കുന്നതോടെ പഴയകാല തെരഞ്ഞെടുപ്പിന്റെ ഒരു അടയാളപ്പെടുത്തലാണ് മറയുന്നത്. ഇതോടൊപ്പം പഴയ നിരവധി കെട്ടിടങ്ങളാണ് നഗരവികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."