നന്മണ്ട അമ്പലപ്പൊയിലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
ബാലുശ്ശേരി: നന്മണ്ട- നരിക്കുനി പാതയിലെ അമ്പലപ്പൊയിലില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ കാണിക്കുന്ന വിമുഖത അപകടങ്ങള്‍ക്ക് വഴിതുറക്കുകയാണ്.
ഒന്നോ രണ്ടോ അപകട മരണങ്ങളല്ല. ഒന്നര വര്‍ഷത്തിനിടയില്‍ ഒരേ സ്ഥലത്ത് നിരവധി അപകടങ്ങളില്‍ ഒന്‍പത് പേരാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം ബൈക്ക് യാത്രക്കാരാണ്. നിരവധി ആളുകള്‍ പരുക്കേറ്റ് ജീവനുമായി മല്ലിട്ട് കിടക്കുകയാണ്.
ഇത്രയധികം അപകടങ്ങളുണ്ടായിട്ടും അതിന്് തടയിടാന്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരത്തില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. ബാക്കിയുള്ളവര്‍ മരത്തിനടുത്ത് വച്ചാണ് അപകടങ്ങളില്‍പ്പെട്ടത്. മരം മുന്നില്‍കണ്ട് വാഹനങ്ങള്‍ അല്‍പം വലതുഭാഗത്തേക്ക് നീങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇവിടെ ചെങ്കുത്തായ ഇറക്കമുള്ളതിനാല്‍ അപകട മേഖലയാണെന്ന സൂചനാ ബോര്‍ഡ് നാട്ടുകാര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ തുടരുകയാണ്. നാലു ദിവസം മുന്‍പാണ് ഉള്ള്യേരി സ്വദേശിയായ യുവാവ് ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ബാലുശ്ശേരി ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന പാതയാണിത്. അതിനാല്‍തന്നെ നന്മണ്ട- നരിക്കുനി പാതയില്‍ നല്ല വാഹനത്തിരക്കും അനുഭവപ്പെടുന്നു.
പൊലിസ് പരിശോധനയും മറ്റും ഇല്ലാത്തതിനാല്‍ ഇരുചക്ര വാഹനങ്ങളുടെ അമിത വേഗത അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തൊട്ടടുത്ത് തന്നെ അമ്പലപ്പൊയില്‍ യു.പി സ്‌കൂളും പ്രവര്‍ത്തിക്കുന്നത് മുന്‍നിര്‍ത്തി ഇവിടെ ഹമ്പ് സ്ഥാപിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യമുന്നയിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഹമ്പ് സ്ഥാപിക്കുന്നതിന് തയാറെടുത്തെങ്കിലും അതിലെ നിയമ നൂലാമാലകള്‍ ഭയന്ന് പിന്‍മാറുകയായിരുന്നു. റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരം മുറിച്ചുമാറ്റി ഈ ഭാഗത്ത് ഹമ്പ് സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."