മമ്മദിശ ഹാജിയുടെ വേര്‍പാട്; നഷ്ടമായത് മതേതര പ്രതീകം
കുന്ദമംഗലം: വെള്ളാരം കുന്നുമ്മല്‍ മമ്മദിശ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കാരന്തൂരിലെ മതേതര പ്രതീകത്തെയും സ്നേഹസമ്പന്നനായ നാടിന്റെ വഴിക്കാട്ടിയേയുമാണ്. സ്വതസിദ്ധമായ ശൈലിയില്‍ നാടിന്റെ ഹൃദയം കവര്‍ന്ന അദ്ദേഹം 90 കഴിഞ്ഞിട്ടും സാമുഹ്യ-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ വിഭാഗം ആളുകളുമായി നല്ല സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹം പ്രദേശത്ത് സാമുദായിക മൈത്രി കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. മരണ വീടുകളിലും വിവാഹ വീടുകളിലും സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.
മത-സാംസ്കാരിക രംഗത്തും മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും ഒന്നാമനായിരുന്നു ഹാജി. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും തുടങ്ങിയ സയ്യിദുമാരുടെയും കണ്ണിയത്ത് ഉസ്താദ് തുടങ്ങിയ മഹാന്മാരുമായുടെയും ഇഷ്ട സുഹൃത്തുമായിരുന്നു. കെ. കരുണാകരനും എ.കെ അന്റണിയും പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ ഹാജിയുടെ സ്നേഹസ്പര്ശനത്തിന്റെ ഭാഗമായിട്ടുണ്ട്. കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."