വെള്ളംകൊണ്ട് പരുക്കേല്‍ക്കുന്നവരുടെ നേര്‍ക്കാഴ്ചകളുമായി 'ജലസമാധി'
കോഴിക്കോട്: അനുദിനം വെള്ളമെടുത്തുകൊണ്ടിരിക്കുന്ന 13ച. കി.മീറ്റര്‍ പ്രദേശം. ജീവിത സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കി നിര്‍മിച്ച വീടുകളുടെ അടിത്തറപോലും താഴ്ന്നുപോകുന്ന അവസ്ഥ. ഭാവിയെന്താകുമെന്നറിയാത്ത അഷ്ടമുടിക്കായലിനു സമീപം താമസിക്കുന്ന പതിനായിരത്തോളം ജനങ്ങള്‍. കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത് എന്ന പ്രദേശം ഇടക്കെങ്കിലും ജനങ്ങളുടെ ശ്രദ്ധയിലെത്തിപ്പെടാറുണ്ടെങ്കിലും അറിഞ്ഞതിനേക്കാള്‍ ഭീകരമാണ് ഇവിടുത്തെ സ്ഥിതിഗതികളെന്ന് വ്യക്തമാക്കുകയാണ് ഡി. ധന സുമോദ് എന്ന സംവിധായകന്റെ സൃഷ്ടിയായ ജലസമാധി ഡോക്യുമെന്ററി.
കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അളകാപുരിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും നടന്നത്.
പ്രകൃതി ചൂഷണത്തിന്റെയും അശാസ്ത്രീയ നിര്‍മിതികളുടെയും ധാര്‍ഷ്ഠ്യങ്ങള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന സന്ദേശം നല്‍കുന്ന ഹ്രസ്വചിത്രം ഈ വിഷയത്തില്‍ അധികൃതരുടെ ഗൗരവപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ട ആവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നു.
ചടങ്ങില്‍ സംവിധായകന്‍ ധന സുമോദ്, ഡോക്യുമെന്ററിക്കായി കാമറ ചലിപ്പിച്ച മുഹമ്മദ്, മണ്‍റോ തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ എന്നിവരെ പ്രശസ്ത കലാകാരന്‍ ശത്രുഘ്‌നന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹാഫിസ് മുഹമ്മദിന് കെ.വി ശശി ഉപഹാരം നല്‍കി. എ.കെ അബ്ദുല്‍ ഹക്കിം, എന്‍.വി മുഹമ്മദ് റാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."