വിധിയെ തോല്‍പ്പിച്ച കരവിരുത് കുരുത്തോലയിലും ചിരട്ടയിലും സുധാകരന്‍ തീര്‍ക്കുന്നത് വിസ്മയകരമായ ഉല്‍പന്നങ്ങള്‍
ചെറുവത്തൂര്‍ : കേള്‍വി ശക്തി നഷ്ടപ്പെട്ട് തൊഴിലുപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നതാണ് സുധാകരന്‍. എന്നാല്‍ ആ വിധിയെ തോല്‍പ്പിച്ച് ഇദ്ദേഹം ഒരുക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് മുന്നില്‍ ഇന്ന് ആരും വിസ്മയിച്ചു നില്‍ക്കും. കുരുത്തോലകളില്‍ ഇതള്‍ വിരിയുന്ന പൂക്കളെയും ചെടികളെയും വിസ്മയം എന്ന ഒറ്റവാക്കില്‍ ഒതുക്കാനും കഴിയില്ല.
പിലിക്കോട് പഞ്ചായത്തില്‍ വെള്ളച്ചാല്‍ തെക്കിലെ കെ സുധാകരനാണ് ഈ പ്രതിഭ. ചെങ്കല്‍ തൊഴിലാളിയായിരുന്നു സുധാകരന്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ വര്‍ഷങ്ങളോളം കല്ലുവെട്ടു യന്ത്രം കയ്യിലെടുത്തു. എന്നാല്‍ കല്ലുവെട്ട് യന്ത്രത്തിന്റെ ശബ്ദമലിനീകരണം കൊണ്ട് ഇദ്ദേഹത്തിന്റെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടമായി. ആറുവര്‍ഷം മുന്‍പായിരുന്നു ഇത്. മംഗളൂരുവിലും കോഴിക്കോടും ലക്ഷങ്ങള്‍ ചെലവിട്ട് നടത്തിയ ചികിത്സയില്‍ കാതുകളില്‍ ഒന്നിലൂടെ ഇപ്പോള്‍ ചെറുതായി ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നാല്‍ വലിയ ശബ്ദങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.
ഇങ്ങനെ മറ്റു തൊഴിലുകളൊന്നും ചെയ്യാനാകാതെ വന്നതോടെയാണ് കരകൌശല നിര്‍മാണ മേഖലയിലേക്ക് തിരിഞ്ഞത്. സുധാകരനിന്ന് തന്റെ ജീവിതോപാധിയായാണ് കുരുത്തോല, ചിരട്ട, ചകിരി, തേങ്ങ എന്നിവയില്‍ ഒരുക്കുന്ന കരവിരുതുകള്‍.
കുരുത്തോലകള്‍ പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് ചെടികളുടെ ഇലകളും മറ്റും നിര്‍മ്മിക്കുന്നത്. ഒരൊറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ആണെന്ന് തോന്നുമെങ്കിലും സൂക്ഷമതയോടെ നിരീക്ഷിച്ചാല്‍ മാത്രമേ കുരുത്തോലയിലാണ് വിസ്മയങ്ങള്‍ വിരിഞ്ഞതെന്നു മനസിലാകൂ. ചിരട്ടകൊണ്ടുള്ള വീട്ടുപകരണങ്ങളും നിര്‍മിച്ചുനല്‍കുന്നു. കുലിപ്പണിക്കാരിയായ ഭാര്യ ഷീജയും മക്കളായ ശ്രീലക്ഷ്മിയും ശ്രീരാഗും നിര്‍മാണത്തില്‍ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."