യു.ഡി.എഫ് വന്നാല്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കും: സുധീരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം യു.ഡി.എഫിന് അനുകൂലമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സുധീരന്‍ അവകാശപ്പെട്ടു. വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മിഷനാണ് ഉദ്ദേശിക്കുന്നത്. അഴിമതി തടയുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം ദേശീയരാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണവും കേരളത്തെ എങ്ങനെ ബാധിച്ചുവെന്ന് കേരളം ചര്‍ച്ച ചെയ്യുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന് ഭീഷണിയുയരുകയാണ്. ഉത്തരാഖണ്ഡിലേയും അരുണാചല്‍പ്രദേശിലേയും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മോദി നടത്തിയ ശ്രമം ഇതിന് തെളിവാണെന്നും സുധീരന്‍ പറഞ്ഞു.
ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് നടപ്പിലാക്കിയതോടെ സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ന്നു. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വെട്ടിക്കുറച്ചത് ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാരെന്നും സുധീരന്‍ പറഞ്ഞു. റബര്‍വിലസ്ഥിരതാഫണ്ടിന് തുക നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസസര്‍ക്കാര്‍ റബര്‍ ഇറക്കുമതിയിലൂടെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാമോയില്‍ ഇറക്കുമതിയിലൂടെ കേരകര്‍ഷകരുടെ ജീവിതം വഴിമുട്ടി. തീരദേശമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കാന്‍ ശ്രമിക്കുന്നു. പ്രവാസികള്‍ക്കായി കാര്യങ്ങള്‍ ചെയ്തു എന്നു പറയുന്ന മോദി പ്രവാസി വകുപ്പ് തന്നെ ഇല്ലാതാക്കി.
സോമാലിയയും കേരളവും താരതമ്യപ്പെടുത്തിയുള്ള പ്രസ്താവന തിരുത്തി മാപ്പ് പറയാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടുകള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കും. കേരളം ഗുജറാത്താക്കാമെന്ന് മോദി സ്വപ്നം കാണേണ്ടെന്നും സുധീരന്‍ പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയഭ്രാന്തിനെ ചെറുക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. സി.പി.എമ്മിന്റെ പങ്ക് ഇക്കാര്യത്തില്‍ പ്രസക്തമല്ല. സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും മതേതരചേരിയെ ദുര്‍ബലപ്പെടുത്തും. മൂന്നാംമുന്നണി രൂപീകരിക്കാന്‍ ഓടി നടന്ന സി.പി.എമ്മിന് കൂടെയുണ്ടായിരുന്ന ആര്‍.എസ്.പിയേയും ഫോര്‍വേഡ് ബ്‌ളോക്കിനേയും നഷ്ടപ്പെട്ടു. കേരളത്തില്‍ പ്രധാനമത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."