അഞ്ചു പദ്ധതികള്‍ക്കുകൂടി കൗണ്‍സില്‍ അംഗീകാരം
കണ്ണൂര്‍: കോര്‍പറേഷന്‍ സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ അഞ്ചു പ്രൊജക്ടുകള്‍ക്കു കൂടി അംഗീകാരം. ഇതോടെ 458 പ്രോജക്ടുകളില്‍ 453 എണ്ണത്തിന് അംഗീകാരമായി. അഞ്ച് പ്രൊജക്ടുകള്‍ നേരത്തെ ഡി.പി.സി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. പ്രത്യേക കന്നുകുട്ടി പരിപാലനം, ബയോഗ്യാസ് നിര്‍മാണം, ഭവന പുനരുദ്ധാരണം, പട്ടികജാതി വനിതകള്‍ക്ക് ഭൂമി, കോര്‍പറേഷന് വാഹനം എന്നീ പ്രോജക്ടുകളാണ് അംഗീകരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിര്‍മിക്കാനുദ്ദേശിച്ച ബയോഗ്യാസ് പദ്ധതിക്കു പുതിയ പ്രൊജക്ട് സമര്‍പ്പിക്കും. പ്രതിദിനം ഒരു ടണ്‍ മാലിന്യമെങ്കിലും സംസ്‌കരിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം സ്ഥാപിക്കണമെന്ന് ടി.ഒ മോഹനന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ തള്ളിയ സാഹചര്യത്തില്‍ ആവശ്യമായ പഠനവും മറ്റും നടത്തി പുതിയ പ്രൊജക്ട് സമര്‍പ്പിച്ചു അംഗീകാര നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ ഇ.പി ലത അറിയിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ബയോഗ്യാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്ദേശിച്ച സ്ഥലത്ത് നിശ്ചിത രീതിയിലുള്ള നിര്‍മാണം സാധ്യമല്ലയെന്ന സൂപ്രണ്ടിങ് എന്‍ജിനിയര്‍ അറിയിച്ചതിനെ തുടര്‍ന്നുള്ള വിഷയവുമായാണ് ചര്‍ച്ചയുണ്ടായത്. പട്ടികജാതിക്കാര്‍ക്ക് വീടുണ്ടാക്കുന്നതിനും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ പലതവണ കോര്‍പറേഷന്‍ ഓഫിസില്‍ കയറിയിറങ്ങേണ്ടി വരുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ രണ്ടു കരാര്‍ ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. ഇവര്‍ക്ക് രണ്ടു ജില്ലകളില്‍ ചുമതലയുള്ളതിനാലാല്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ എത്താന്‍ കഴിയുന്നുള്ളുവെന്ന് സെക്രട്ടറി മറുപടി നല്‍കി. കോര്‍പറേഷന് ആവശ്യത്തിനു വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിക്കായി നഗരകാര്യ ഡയറക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."