കരിപ്പൂര്‍ വിമാന സര്‍വീസ്; ഹൈദരലി തങ്ങള്‍ സഊദി റീജ്യണല്‍ മാനേജരുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സഊദി എയര്‍ലൈന്‍സ് ഏഷ്യന്‍ ആന്‍ഡ് ഓസ്ട്രേലിയ റീജ്യണല്‍ ജനറല്‍ മാനേജര്‍ ഇസാം അല്‍ മൈമനിയുമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൂട്ടിക്കാഴ്ച നടത്തി.
കരിപ്പൂരിലേക്ക് സര്‍വീസ് പുനാരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സിന് താല്പര്യമുണ്ട്. ഇതിനായി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. റണ്‍വെയുടെ പ്രവൃത്തി തീര്‍ന്നാലുടന്‍ സഊദി എയര്‍ലൈന്‍സിന് എയര്‍ബസ് 330ന് അനുമതി നല്‍കാമെന്നാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ കേന്ദ്രങ്ങള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ജനുവരിയോടെ ജിദ്ദയില്‍ നിന്ന് എയര്‍ബസ് 330 സര്‍വീസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തങ്ങളെ അറിയിച്ചു.
ജനുവരിയോടെ സഊദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്നം അവതരിപ്പിക്കുമെന്നും ഹൈദരലി തങ്ങള്‍ അറിയിച്ചു. മക്കയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, വി.പി മുഹമ്മദലി, അബ്ദുല്‍ മുഐമിന്‍ ആലുങ്ങല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."