വൈദ്യുതാഘാതമേറ്റ് മരിക്കുന്ന കെ.എസ്.ഇ.ബി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു
ത്യശൂര്‍ : സംസ്ഥാനത്ത് വൈദ്യുതി ലൈനില്‍ അറ്റകുറ്റപണി നടത്തുന്ന കെ.എസ്.ഇ.ബി ജീവനക്കാരില്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കീഴിലെ ജീവനക്കാരേക്കാള്‍ കരാര്‍ തൊഴിലാളികളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്.
വൈദ്യുതി ബോര്‍ഡിന് കീഴില്‍ അഞ്ച് വര്‍ഷ കാലയളവില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചവര്‍ 160 പേരാണ്. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2016 ആഗ്സ്റ്റ് 31 വരെയുള്ള കാലയളവില്‍ ജോലിക്കിടെ മരിച്ചവരില്‍ 84 പേര്‍ കരാര്‍ തൊഴിലാളികളും 76 ബോര്‍ഡ് ജീവനക്കാരുമാണ്. കരാര്‍ തൊഴിലാളികളുടെ അപകടമരണം നിത്യസംഭവമാകുമ്പോഴും അവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന് ബോര്‍ഡിന് കാര്യമായ ഉത്തരവാദിത്വമില്ല.
മൂന്ന് ലക്ഷം രൂപയില്‍ കവിയുന്ന അടങ്കല്‍ തുകയ്ക്കുള്ള കരാര്‍ ജോലികള്‍ ഏറെറടുത്ത് നടത്തുന്ന കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടെ അപകടമോ അപകടമരണമോ സംഭവിയ്ക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പൂര്‍ണമായ ഉത്തരവാദിത്വം കരാറുകാരനായിരിക്കും. മൂന്ന് ലക്ഷം രൂപയില്‍ കവിയുന്ന അടങ്കല്‍ തുകയ്ക്കുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരന്‍ അയാളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
മൂന്ന് ലക്ഷം രൂപയില്‍ കവിയാത്ത അടങ്കല്‍ തുകയ്ക്കുള്ള കരാര്‍ ജോലികള്‍ ഏറ്റെടുത്ത നടത്തുന്ന ചെറുകിട കരാറുകാരുടെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിയില്‍ ഏര്‍പെട്ടിരിക്കുമ്പോള്‍ അപകടമരണം സംഭവിക്കുകയാണെങ്കില്‍ 1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ച് മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ നഷ്ടപരിഹാരം 3,97,480 രൂപ മുതല്‍ 914160 രൂപവരെയും കൂടാതെ ശവസംസ്‌കാര ചെലവിനായി 5000 രൂപയും ബോര്‍ഡില്‍ നിന്ന് ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
വൈദ്യുതി ബോര്‍ഡിന്റെ കരാര്‍ ജോലികള്‍ നല്‍കുന്നത് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടര്‍ / ക്വട്ടേഷന്‍ എന്നിവയിലൂടെയാണ്. മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കരാറുകാരനാണ് നിശ്ചിത ജോലി കരാറായി നല്‍കുന്നത്. ഇത്തരത്തില്‍ കരാര്‍ നല്‍കുമ്പോള്‍ മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള ജോലികളാണെങ്കില്‍ തൊഴിലാളികള്‍ അപകടത്തില്‍പെട്ടാല്‍ ബോര്‍ഡിന് യാതൊരു വിധ ബാധ്യതയുമില്ല.
എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ ജോലിയില്‍ ഏര്‍പെട്ടിരിക്കുമ്പോള്‍ അപകടമരണം സംഭവിക്കുന്ന ബോര്‍ഡ് ജീവനക്കാരുടെ ആശ്രതിര്‍ക്ക് 1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ച് മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ നഷ്ടപരിഹാരം 397480 രൂപ മുതല്‍ 914 160 രൂപവരെയും കൂടാതെ ശവസംസ്‌കാര ചടങ്ങളിലെ ചെലവിനായി 5000 രൂപയും ലഭിക്കും. കൂടാതെ കേരള സര്‍ക്കാരിന്റെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പത്ത് ലക്ഷം രൂപയും.
വൈദ്യുതി ബോര്‍ഡ് തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും മരണാനന്തര ആനുകൂല്യമായി അഞ്ച് ലക്ഷം രൂപയും കൂടാതെ ആശ്രിതരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ആശ്രിതനിയമനവും, അപകടം സംഭവിച്ചവര്‍ക്ക് മെഡിക്കല്‍ ചികിത്സാ ചെലവും ലഭിക്കുന്നതാണ്. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകള്‍ നിലവിലുണ്ട്.
1923 ലെ തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ച് നഷ്ടപരിഹാരം കണക്കാക്കുന്നതിനും അനുവദിക്കുന്നതിനും വേണ്ട രേഖകള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെ ലഭ്യമാക്കാത്ത കാരണത്താലും വിവിധ കോടതികളില്‍ നഷ്ടപരിഹാര സംബന്ധമായ കേസുകള്‍ അനന്തമായി നിലനില്‍ക്കുന്നതിനാലും അനധനിക്യതമായി വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡിന്റെ അറിവോ സമ്മതമോ കൂടാതെ ജോലിചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ എന്നീ കാരണങ്ങളാലും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ടെന്നാണ് ബോര്‍ഡ് ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."