പേരാവൂര്‍ സംഭവം: വാര്‍ത്തക്കെതിരേ നിയമനടപടി: ഡി.സി.സി
കണ്ണൂര്‍: പേരാവൂരില്‍ മാലിന്യക്കൂനയില്‍ നിന്നു ഭക്ഷണം കഴിച്ച ആദിവാസികുട്ടികളെപ്പറ്റിയുള്ള വാര്‍ത്ത യു.ഡി.എഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നുവെന്ന് ആദിവാസികുട്ടികളുടെയും രക്ഷിതാക്കളുടേയും വെളിപ്പെടുത്തലോടെ വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുറമേ നിന്ന് വാങ്ങിയ പഴമാണ് മാലിന്യകേന്ദ്രത്തില്‍ നിന്നു ഭക്ഷിക്കാനായി നല്‍കിയതെന്ന് ഇരയാക്കപ്പെട്ട കുട്ടി വെളിപ്പെടുത്തിക്കഴിഞ്ഞു. സിനിമയില്‍ അഭിനയിപ്പിക്കുമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ മാലിന്യകേന്ദ്രത്തിലയച്ച പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തെ സോമാലിയയോട് താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിക്കാട്ടിയതും ഈ ചിത്രമാണ്. യു.ഡി.എഫ് സര്‍ക്കാരിനെയും പേരാവൂരില്‍ സിറ്റിങ് എം.എല്‍.എ അഡ്വ. സണ്ണി ജോസഫിനെയും അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എം-ബി.ജെ.പി നേതൃത്വങ്ങളുടെ ഒത്താശയോടെ പടച്ചുവിട്ടതാണിത്. ഇതിനു പിന്നിലെ ഗൂഢാലോചനക്കാര്‍ ആരൊക്കെയെന്ന് വ്യക്തമാകാന്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."