നിലമ്പൂര്‍ ക്ലീന്‍ സിറ്റി ആകുന്നു; പ്രഖ്യാപനം നവംബര്‍ ഒന്നിന്
നിലമ്പൂര്‍: നഗരസഭയെ ക്ലീന്‍ സിറ്റിയാക്കി മാറ്റുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെ യോഗം തെരഞ്ഞെടുത്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ചെയര്‍മാനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുന്ദരന്‍ കണ്‍വീനറുമായ സമിതിയെയാണ് തെരഞ്ഞെടുത്തത്.
ഈ മാസം 15മുതല്‍ 21 വരെ നടക്കുന്ന വാര്‍ഡ് സഭകളില്‍ ക്ലീന്‍ സിറ്റി പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു. 28, 29, 30 തിയതികളിലായി അങ്കണവാടികള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ റോഡുകള്‍ എന്നിവ ശുദ്ധീകരിക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ക്ലീന്‍ സിറ്റിയുടെ ഭാഗമായി വടപുറം മുതല്‍ കരിമ്പുഴവരെയുള്ള റോഡിന്റെ ഭാഗങ്ങള്‍ ശുചീകരിക്കും. പൊതുമരാമത്ത് അനുമതി ലഭിച്ചാല്‍ റോഡിന് ഇരുവശവും വേപ്പ്, പ്ലാവ്, പുളി തുടങ്ങിയ മരങ്ങള്‍ വെച്ചു പിടിപ്പിച്ച് ഗ്രീന്‍ സിറ്റി ആക്കിയും മാറ്റും. കൃഷിവീട് എന്ന പദ്ധതിയില്‍ പച്ചക്കറി കിറ്റുകള്‍ വീടുകളിലെത്തിക്കാന്‍ നഗരസഭ പത്തുലക്ഷം രൂപ ചെലവഴിക്കും. കോഴിക്കോട് വെങ്ങേരി നിറവ് സംഘടനയുമായി സഹകരിച്ച് അജൈവ മാലിന്യങ്ങള്‍ കൊണ്ടു പോവുന്നതിനുള്ള എഗ്രിമെന്റായിക്കഴിഞ്ഞു. ജൈവമാലിന്യങ്ങള്‍ വീടുകളില്‍തന്നെ സംഭരിക്കുന്നതിന് സംവിധാനമൊരുക്കും. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നു ശേഖരിക്കുമ്പോള്‍ വീട്ടുകാര്‍ പത്തുരൂപ നല്‍കണം. അറവുമാലിന്യങ്ങള്‍ കൊണ്ടുപോവുന്നതിന് കുറുമ്പലങ്ങോട് സ്വദേശിയുമായി ധാരണായി. 29 മുതല്‍ അറവുമാലിന്യങ്ങള്‍ നീക്കം ചെയ്യും. റോഡുകള്‍ ശുചീകരിക്കുന്നതിന് പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ച് ചുമതല നല്‍കും. പ്രഖ്യാപനത്തിനു മുന്നോടിയായി നടന്ന യോഗത്തില്‍ ബാബു വെങ്ങേരി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."