ജനപ്രതിനിധികളെ അവഹേളിച്ചെന്ന്; പ്രതിഷേധവുമായി മുസ്‌ലിംലീഗ്
മലപ്പുറം: വെളിയിട വിസര്‍ജ്ജന വിമുക്തപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി മലപ്പുറം ജില്ല കൈവരിച്ച നേട്ടത്തിന്റെ പ്രഖ്യാപനം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചതായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ പ്രസ്താവിച്ചു.
ജില്ലാകലക്ടറുടെ കോണ്‍ഫറന്‍സ്ഹാളില്‍ അവധിദിവസമായ ഞായറാഴ്ച മലപ്പുറം ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നിശ്ചയിച്ച് ജനപ്രതിനിധികളെയെല്ലാം വിളിച്ചു വരുത്തി മറ്റൊരാള്‍ക്കും ഒരക്ഷരംപോലും സംസാരിക്കാന്‍ അവസരം നല്‍കാതെ മന്ത്രി സ്വയം മൈക്കെടുത്ത് ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയാണുണ്ടായത്. ജില്ലാ ആസ്ഥാനത്തെ എം.എല്‍.എയെ ഈ പരിപാടി അറിയിച്ചിട്ടേയില്ല.
വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവരില്‍ നിന്ന് ഒരാള്‍ക്കും ഒരു വാക്ക് പറയാന്‍ അവസരം കൊടുത്തില്ല. മുന്‍കാല സര്‍ക്കാരുകളോ മന്ത്രിമാരോ ഇത്തരമൊരു ജനാധിപത്യവിരുദ്ധ നടപടി കൈകൊണ്ടിട്ടില്ല.
ജനപ്രതിനിധികളെ വിളിച്ചു വരുത്തി അവഹേളിച്ച ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഭാവിയില്‍ ജനകീയ സംരംഭങ്ങളോടുള്ള ജനവിരുദ്ധ സമീപനം നിഷേധാത്മകമാവാന്‍ ഇതു കാരണമാകും. സമ്പൂര്‍ണ ഒ.ഡി.എഫ് കൈവരിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത തദ്ദേശസ്വയംഭരണ ഭാരവാഹികളെ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ പ്രത്യേകം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."