മലേഗാവ് സ്‌ഫോടനക്കേസ് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ്
ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശ്രമിക്കുന്നതാണ് ഹിന്ദുത്വവാദികള്‍ പ്രതികളായ സ്‌ഫോടനക്കേസുകള്‍ അട്ടിമറിക്കാന്‍. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂറിനെതിരേ തെളിവില്ലെന്നാണ് എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ മക്കോക്ക ചുമത്താനുള്ള വകുപ്പില്ലെന്നും എന്‍.ഐ.എ കണ്ടെത്തിയിരിക്കുകയാണ്. ബി.ജെ.പി ഭരണത്തിലേറിയപ്പോള്‍ തന്നെ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതാണ്.
മലേഗാവ് സ്‌ഫോടനക്കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയിലെ തന്നെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയയെ സമീപിച്ചതായി അവര്‍ തന്നെ 2015 ജൂണ്‍ മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു. അപ്പോഴേ കേസിന്റെ അട്ടിമറി പ്രതീക്ഷിച്ചതുമാണ്.
ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം, അജ്മീര്‍ സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം എന്നീ കേസുകളിലെല്ലാം അന്വേഷണം ആര്‍.എസ്.എസ് നേതാക്കളിലേക്ക് നീങ്ങിയപ്പോഴാണ് അന്വേഷണ തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ മുംബൈയില്‍ വധിക്കപ്പെട്ടതെന്നോര്‍ക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഓരോ ദിവസവും അട്ടിമറിച്ചപ്പോള്‍ തന്നെ സ്‌ഫോടനക്കേസുകളുടെ ഭാവിയും നിര്‍ണയിക്കപ്പെട്ടിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മലേഗാവ് സ്‌ഫോടനക്കേസില്‍ മൃദുസമീപനം സ്വീകരിക്കുവാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും എല്ലാം അതിജീവിച്ച തന്നെ വാക്കാല്‍ സ്ഥലം മാറ്റിയെങ്കിലും ഉത്തരവ് രേഖാമൂലം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ പിന്തിരിയുകയായിരുന്നുവെന്നും രോഹിണി സാലിയന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എടുത്തുപറഞ്ഞിരുന്നു.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മലേഗാവ് സ്‌ഫോടനം നടന്നതെന്ന റിപ്പോര്‍ട്ട് തയാറാക്കിയത് കര്‍ക്കറെയാണ്. ആ റിപ്പോര്‍ട്ട് രോഹിണി സാലിയന് കര്‍ക്കറെ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് 2008 നവംബര്‍ 26ന് മുംബൈ ആക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ കര്‍ക്കറെ വധിക്കപ്പെട്ടത്. സത്യസന്ധനായ ഹേമന്ത് കര്‍ക്കറെയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ എന്‍.ഐ.എയെ ഉപയോഗിച്ച് അട്ടിമറിച്ചിരിക്കുന്നത്.
സംഘ്പരിവാര്‍ സന്യാസി ദയാനന്ദ് പാണ്ഡെ ലാപ്‌ടോപ്പില്‍ പകര്‍ത്തിയിരുന്ന ഹിന്ദുത്വവാദികളുടെ രഹസ്യയോഗങ്ങളുടെ ദൃശ്യങ്ങള്‍ വരെ തെളിവായി സമര്‍പ്പിച്ചിട്ട് പോലും മലേഗാവ് സ്‌ഫോടനക്കേസ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല, മുഖ്യപ്രതിയായ പ്രജ്ഞാസിങ് ഠാക്കൂറിനെതിരേ തെളിവില്ലെന്നു വരെ എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തുകയും ചെയ്തിരിക്കുന്നു. പ്രതികള്‍ക്കെതിരേ മക്കോക്ക ചുമത്താന്‍ പറ്റുകയില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ. കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരടക്കമുള്ള നാല് പേര്‍ക്കെതിരേയാണ് അന്ന് ഹേമന്ത് കര്‍ക്കറെ റിപ്പോര്‍ട്ട് നല്‍കിയത്. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുസ്‌ലിം ചെറുപ്പക്കാരെ പ്രതികളല്ലെന്ന് കണ്ട് മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടയച്ചത് ഈയിടെയാണ്. നിരോധിത സംഘടനയായ സിമിയില്‍ അംഗങ്ങളായിരുന്ന ഇവരാണ് മലേഗാവ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു പൊലിസ് ഭാഷ്യം. എന്നാല്‍ 2008 ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലെ മുഖ്യപ്രതി അസിമാനന്ദയുടെ കുറ്റസമ്മതമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 2006 ലെ മലേഗാവ് സ്‌ഫോടനത്തിലും 2008 ലെ മലേഗാവ് സ്‌ഫോടനത്തിലും അഭിനവ് ഭാരത് എന്ന ഹിന്ദു സംഘടനക്ക് പങ്കുണ്ടെന്ന അസിമാനന്ദ വെളിപ്പെടുത്തിയതോടെയാണ് ഇപ്പോള്‍ കുറ്റക്കാരിയല്ലെന്ന് എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തിയ പ്രജ്ഞാസിങ് ഠാക്കൂറടക്കമുള്ള സംഘ്പരിവാറുകാര്‍ അറസ്റ്റിലായത്.
രാജ്യത്തെ ഫാസിസ്റ്റ്‌വല്‍ക്കരിക്കപ്പെട്ട പൊലിസും ഭരണകൂടവും സ്‌ഫോടനങ്ങളുടെ പേരില്‍ നിരപരാധികളായ മുസ്്‌ലിം ചെറുപ്പക്കാരെ അറസ്റ്റു ചെയ്ത് വിചാരണ കൂടാതെ വര്‍ഷങ്ങളോളം ജയിലില്‍ പീഡനങ്ങള്‍ക്കിരയാക്കുകയും യഥാര്‍ഥ കുറ്റവാളികളെന്ന് തെളിയിക്കപ്പെടുന്ന ഹിന്ദുത്വ തീവ്രവാദികളെ വെറുതെ വിടുകയും ചെയ്യുന്ന ഒരവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് പ്രജ്ഞാസിങ് ഠാക്കൂറിന് എന്‍.ഐ.എ പ്രത്യേക കോടതി നല്‍കിയ ക്ലീന്‍ ചിറ്റ് വ്യക്തമാക്കുന്നു.
മലേഗാവ് സ്‌ഫോടനക്കേസ് ആദ്യം അന്വേഷിച്ച എ.ടി.എസ് കസ്റ്റഡിയിലെടുത്ത ഒന്‍പതു പേര്‍ പാകിസ്താന്‍ ഭീകര സംഘടനയില്‍പ്പെട്ടവരാണെന്ന് പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? എന്നാല്‍ പ്രജ്ഞാസിങ് ഠാക്കൂര്‍, പുരോഹിത്, ദയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ എന്നിവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നിട്ടുപോലും ഇവര്‍ ഭീകരവാദികളാണെന്ന് പറയാന്‍ പൊലിസിനാകുന്നില്ല.
നിരപരാധികളായ മുസ്്‌ലിം ചെറുപ്പക്കാര്‍ വ്യാജകുറ്റം ചുമത്തപ്പെട്ട് വര്‍ഷങ്ങളോളം ജയിലറകള്‍ക്കുള്ളില്‍ തള്ളപ്പെടുകയും എന്നാല്‍ അപരാധികളായ ഹിന്ദുത്വ തീവ്രവാദികളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടും അവരെ തുറന്നുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ് ഇപ്പോള്‍ എന്‍.ഐ.എ പ്രത്യേക കോടതി മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ക്ലീന്‍ ചിറ്റ്. ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനക്കേസ്, അജ്മീര്‍ സ്‌ഫോടനക്കേസ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസ് എല്ലാം അട്ടിമറിക്കപ്പെടുന്ന നാളുകള്‍ വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."