പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍
പൂച്ചാക്കല്‍: അനധികൃത മല്‍സ്യബന്ധനം മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു.വേമ്പനാട്ട് കായലില്‍ നഞ്ച് കലക്കി മത്സ്യബന്ധനം നടത്തുന്നതാണ് കായലോരവാസികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായിരിക്കുന്നത്.
കായലില്‍ വന്‍തോതില്‍ നഞ്ച് കലക്കി വെള്ളം മലിനമാക്കിയാണ് മീന്‍പിടിത്തം നടത്തുന്നത്. നഞ്ചു കലക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നുവെന്നാണു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. രാത്രികാലങ്ങളിലും പുലര്‍ച്ചകളിലുമായി ചെറുവള്ളങ്ങളില്‍ എത്തുന്ന സംഘമാണ് കായലില്‍ നഞ്ചു കലക്കിയശേഷം മീനുകള്‍ ചത്തുപൊങ്ങുമ്പോള്‍ നീളന്‍ വല ഉപയോഗിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നത്. ഇത്തരത്തില്‍ ചത്തുപൊങ്ങുന്ന മീനുകളെ വ്യാപകമായി വില്‍പന നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
നഞ്ചു കലക്കുന്നതുമൂലം വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് നശിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.ഒരുതവണ നഞ്ചു കലക്കിയാല്‍ ഇതിന്റെ ആഘാതം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നും ഇതു ചെറുമീനുകളുടെ നിലനില്‍പിനുതന്നെ ബാധിക്കുമെന്നും പറയുന്നു.
മഴക്കാലത്താണ് മീനുകളുടെ പ്രജനകാലം. ഈ സമയത്തു ജലാശയങ്ങളില്‍ നഞ്ചു കലക്കുന്നതു ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നഞ്ചു കലക്കി പിടിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരത്തില്‍ പിടികൂടുന്ന മീനുകളില്‍ വിഷാംശത്തിന്റെ അളവു കൂടുതലായിരിക്കുമെന്നാണു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്. നഞ്ചു കലക്കുന്നതുമൂലം കായലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നം കണ്ടുവരുന്നുണ്ട്. ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും തടിച്ചുപൊങ്ങുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം.
നഞ്ചു കലക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കായല്‍ പട്രോളിങ് ശക്തമാക്കാനും സംശയാസ്പദമായ വള്ളങ്ങള്‍ പരിശോധന നടത്തുവാനും തീരുമാനിച്ചതായി ഫിഷറീസ് ഡി ഡി താജുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."