മുട്ടുങ്ങല്‍-നാദാപുരം റോഡില്‍ യാത്ര ദുഷ്‌കരം
വടകര: സംസ്ഥാനപാതയില്‍ വെള്ളികുളങ്ങര മുതല്‍ നാദാപുരം വരെ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസഹമായി. ഓര്‍ക്കാട്ടേരി, എടച്ചേരി, പുറമേരി, കക്കംവെള്ളി എന്നിവിടങ്ങളിലെല്ലാം റോഡ് പൂര്‍ണമായും തകര്‍ന്ന സ്ഥിതിയാണ്. പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പൊതുവേ തിരക്കേറിയ ടൗണുകളായ വെള്ളികുളങ്ങര, ഓര്‍ക്കാട്ടേരി, എടച്ചേരി, പുറമേരി എന്നിവിടങ്ങളില്‍ കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്. ഓര്‍ക്കാട്ടേരിയില്‍ ഏറാമല സര്‍വിസ് ബാങ്ക് മുതല്‍ കാര്‍ത്തികപ്പള്ളി റോഡ് വരെ നിറയെ കുഴികളാണ്. മഴ പെയ്താല്‍ റോഡ് ചെളിക്കുളമാവുകയും ചെയ്യും. പിന്നീട് കച്ചവടക്കാര്‍ക്ക് കടകളില്‍ ഇരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. എടച്ചേരി പൊലിസ് സ്‌റ്റേഷനു സമീപം, പുതിയങ്ങാടി, പുറമേരി വാട്ടര്‍ടാങ്ക് പരിസരം, ബാങ്കിനു സമീപം, കക്കംവള്ളി എന്നിവിടങ്ങളിലെല്ലാം റോഡിലെ കുഴികളിലൂടെയും പുറത്തേക്കുതെറിച്ച കരിങ്കല്ലുകളിലൂടെയുമാണ് വാഹനങ്ങള്‍ പോകുന്നത്. പലപ്പോഴും കല്ലുകള്‍ തെറിച്ച് പരുക്കേല്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു.
റോഡ് വികസനത്തിന് മുപ്പത് കോടി അനുവദിച്ചിട്ടുണ്ടെങ്കിലും വീതി കൂട്ടല്‍ നടക്കാത്തതിനാല്‍ പ്രവൃത്തി പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായി എന്നാണ് റോഡിന്റെ പണി തുടങ്ങുകയെന്ന് ആര്‍ക്കുമറിയില്ല.
വടകര, നാദാപുരം, കുറ്റ്യാടി അസംബ്ലി മണ്ഡലങ്ങളിലൂടെ കടുന്നപോകുന്ന റോഡെന്ന നിലയില്‍ ഇതിന്റെ വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ തീരുമാനിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ബസുകളടക്കം പതിനായിരങ്ങള്‍ യാത്രചെയ്യുന്ന ഈ റൂട്ടിലെ റോഡിന്റെ ശോച്യാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."