സര്‍ക്കാര്‍ കാണുന്നുണ്ടോ ഈ മനുഷ്യരെ..?
അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങളാണ് ഭക്ഷണം പോലും ലഭിക്കാതെ സര്‍ക്കാരിന്റെ കനിവ് കാത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
2014 ജൂണ്‍10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഒമ്പത് മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ , പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷ്യവസ്ത്തുക്കള്‍ ലഭിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഇവരുടെ ദുരിതം കാണാനോ പുനരധിവാസത്തിനോ അധികൃതര്‍ തയ്യാറായില്ല. ഇവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് പോലും തിരക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞുകൂടുന്നത.് മുകളിലെ നിലയിലെ ഒരു ഹാളിലാണു തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര്‍ താമസിക്കുന്നത്.
ഇവരില്‍പ്രായപൂര്‍ത്തിയായാ ഒമ്പത് പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇവരില്‍ വ്യദ്ധകളുമുണ്ട്. അഷ്ടിക്ക് വകയില്ലാതെ ഇവര്‍ അധികൃതരുടെ കനിവ് കാത്ത് ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.
പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ 41 പേര്‍ക്ക് കൂടി ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇത് താഴത്തെ നിലയിലും. മുകളില്‍ നിന്നും താഴെയെത്താന്‍ വൃദ്ധര്‍ വളരെ ക്ലേശം അനുഭവിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ദിനചര്യയ്ക്കായി അയല്‍ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
അഷ്ടിയ്ക്കുള്ള വകയുണ്ടാക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ വാദം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങള്‍ ആണ് കടല്‍ വിഴുങ്ങിയത്.
തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലെന്നുള്ള ചിന്ത ഈ മല്‍സ്യതൊഴിലാളി കുടുംബങ്ങളെ വല്ലാതെ അലട്ടുകയാണ്.
രണ്ടര വര്‍ഷമായിട്ടും തങ്ങളുടെ ദുരിതം കാണാത്ത അധികൃതര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."