ഗുരുവിന്റെ പേരുപറഞ്ഞ് കാലുഷ്യം വളര്‍ത്താന്‍ ശ്രമം: പിണറായി
കണ്ണൂര്‍: ഗുരുവിന്റെ പേരുപറഞ്ഞ് ചിലര്‍ ജാതിയുടെയും മതത്തിന്റെയും കാലുഷ്യം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു പ്രത്യേക ജാതിയിലേക്കും മതത്തിലേക്കും ചിലര്‍ ഭാവിയില്‍ തന്നെ മാറ്റാന്‍ ശ്രമിച്ചേക്കുമെന്നു പ്രവചന സ്വഭാവത്തോടെ ഗുരു മനസിലാക്കിയിരുന്നു. ഒരുപക്ഷേ ആ വഴിക്കുള്ള ശ്രമങ്ങള്‍ തന്റെ ചുറ്റുമുള്ളവര്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി. ഗുരു ജീവിതകാലം മുഴുവന്‍ എന്തിനു വേണ്ടിയാണോ പ്രവര്‍ത്തിച്ചത്, അതിനു വിരുദ്ധമായ പ്രവണതകള്‍ നമ്മുടെ ഇടയില്‍ തലഉയര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. നവോത്ഥാന പ്രദര്‍ശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സപ്ലിമെന്റ് പ്രകാശനം മേയര്‍ ഇ.പി ലത നിര്‍വഹിച്ചു. ജാതിയില്ലാ വിളംബരത്തിന്റെ കലണ്ടര്‍ വിതരണോദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ എന്നിവര്‍ക്കു നല്‍കി കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡോ. എ.കെ നമ്പ്യാര്‍, പി അപ്പുക്കുട്ടന്‍, സി സത്യപാലന്‍, എ.കെ ചന്ദ്രന്‍, പി.പി ദിവ്യ, പി ജയരാജന്‍, പി.കെ ബൈജു സംബന്ധിച്ചു. സര്‍ക്കാരിന്റെ 100 ദിനാഘോഷം, ഗാന്ധിജയന്തി വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, പ്രബന്ധ രചന, ക്വിസ്, കവിതാലാപനം എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു. ജാതിയില്ലാ പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന സെമിനാറില്‍ മലയാള സര്‍വകലാശാലാ പൈതൃക പഠനവിഭാഗം മേധാവി കെ.എം ഭരതന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ്, തദ്ദേശഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."