ദേശീയപാതയില്‍ അപകടക്കെണിയൊരുക്കി പാര്‍ക്കിങ്
മീനങ്ങാടി: എഫ്.സി.ഐ ഗോഡൗണിലേക്ക് ലോഡുമായി വരുന്ന ലോറികള്‍ ദേശീയപാതയുടെ ഇരുവശത്തും നിര്‍ത്തിയിടുന്നത് അപകടത്തിനിടയാക്കുന്നു. എതിരേ വരുന്ന വാഹനം കാണാന്‍ കഴിയാത്ത വിധം ലോറികള്‍ നിര്‍ത്തിയിടുന്നത് വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പരാതിയുയരുകയാണ്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂനിറ്റി ഹാള്‍ മുതല്‍ അഞ്ഞൂറു മീറ്ററിനുള്ളിലാണ് റോഡിന്റെ ഇരുവശവും ലോഡുമായി ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതുകാരണം കാല്‍നട യാത്രപോലും ബുദ്ധിമുട്ടാവുകയാണ്. ദേശീയപാതയില്‍ അപകടമേഖല കൂടിയായ എഫ്.സി.ഐ ഗോഡൗണിന് സമീപം വീതികുറഞ്ഞ വളവോടുകൂടിയ സ്ഥലത്ത് വരെ ലോറികള്‍ നിര്‍ത്തിയിടുന്നത് അപകടത്തെ ക്ഷണിച്ച് വരുത്തുകയാണെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.
മുന്‍പ് ലോറികള്‍ നിര്‍ത്തിയിടുന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ ഇടപെട്ടപ്പോള്‍ ആര്‍.ടി.ഒയുടെ നിര്‍ദേശ പ്രകാരം വീതികുറഞ്ഞ ഭാഗത്തും വളവുകളിലും ലോറി നിര്‍ത്തിയിടരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലാവുന്നില്ലെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. എഫ്.സി.ഐയില്‍ ശരാശരി ഇരുപത്തിമൂന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ പതിനഞ്ച് ദിവസവും മുപ്പത് ലോറികള്‍ ലോഡുമായി വരാറുണ്ട്. എന്നാല്‍ കോഴിക്കോട് എഫ്.സി.ഐയിലേക്ക് ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും ലോഡുമായി വാഗണ്‍ എത്തുന്നതോടെ സ്ഥല പരിമിതി കാരണം അറുപതോളം ലോറികളാണ് ലോഡുമായി മീനങ്ങാടി എഫ്.സി.ഐയിലേക്കെത്തുന്നത്. ഈ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിര്‍ത്തിയിടുകയാണ് പതിവ്. നാല്‍പ്പത്തിയഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് മുപ്പത് ലോറിയില്‍ നിന്നും ലോഡിറക്കാന്‍ രണ്ടുമണിക്കൂര്‍ എടുക്കുമെന്നിരിക്കെ എണ്ണം കൂടുന്നതിനുസരിച്ച് സമയത്തില്‍ മാറ്റവുമുണ്ടാവും. ഈ സമയമത്രയും തങ്ങളുടെ ഊഴവും കാത്ത് ദേശീയ പാതയോരത്ത് ലോഡുമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്. ലോറികള്‍ നിര്‍ത്തിയിടുന്നതിന് സുരക്ഷിതമായ സംവിധാനമൊരുക്കണമെന്നും നിശ്ചിത സ്ഥലത്ത് 'പാര്‍ക്കിങ് ', 'നോ പാര്‍ക്കിങ് ' ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നുമുള്ള ആവശ്യവും ഇതോടെ ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."