കുടിവെള്ളമില്ലാത്ത ഞങ്ങള്‍ക്കെന്തിന് ശൗചാലയം..?
കാക്കവയല്‍: വെള്ളിത്തോട് പുഷ്ക്കരന്കണ്ടി കോളനിക്കാര്‍ക്ക് കുടിവെള്ളത്തിന് ഇപ്പോഴും അരക്കിലോമീറ്റര്‍ നടക്കണം. കോളനിയില്‍ കിണര്‍ ഉണ്ടെങ്കിലും പതിനഞ്ച് വര്‍ഷമായി കിണര്‍ വറ്റിയിട്ട്. നിര്‍മിച്ച വര്‍ഷം തന്നെ വറ്റിയ കിണര്‍ ഇന്നും കോളനിക്കാരുടെ ദാഹമകറ്റാനാകാതെ കിടക്കുകയാണ്. കിണറിന്റെ അടിഭാഗം പാറ ആയതിനാല്‍ കൂടുതല്‍ ആഴം കുഴിക്കാതെ കാരാറുകാരന് തടിതപ്പുകയായിരുന്നെന്ന് കോളനിക്കാര്‍ പറയുന്നു.
നിലവില്‍ കോളനിക്കാര്‍ അരകിലോമീറ്ററില്‍ അധികംദൂരത്തിലുള്ള വെള്ളിത്തോട് കോളനിയില്‍ നിന്നാണ് കുടിവെള്ളം തലചുമടായി എത്തിക്കുന്നത്. വെള്ളിത്തോട് കോളനിക്കാര്‍ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അനുവധിച്ച കിണറാണ് ഇപ്പോള്‍ മുട്ടില്പഞ്ചായത്ത് പുഷ്ക്കരന്കണ്ടി കോളനിക്കാരുടെയും ആശ്രയം. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന തങ്ങളുടെ ആവശ്യം ചെവികൊള്ളാത്ത മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഇപ്പോള്‍ തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചിരിക്കുകയാണ്.
കുടിവെള്ളത്തിന് തന്നെ ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക് ശൗചാലയം അനുവദിച്ചതിലൂടെ ഗ്രാമ പഞ്ചായത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോളനിവാസികള്‍ ചോദിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഒരു കിലോമീറ്ററകലെയുള്ള പുഴയെയാണ് ഇപ്പോള്‍ കോളനിക്കാര്‍ ആശ്രയിക്കുന്നത്. കരാറുകാര്‍ പാതിവഴിയില്‍ പണി നിര്‍ത്തിയ വീടുകളും ശൗചാലയങ്ങളുമുള്ള ഈ കോളനിയില്‍ കുടിവെള്ളത്തിന് സംവിധാനമൊരുക്കാതെ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ക്ക് ശൗചാലയങ്ങള്‍ പണിയുന്ന പഞ്ചായത്ത് നടപടി കോളനിയില്‍ ഗുണത്തേക്കാളേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് കോളനിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."