തുഴയെറിയുന്നത് ഇഞ്ചോടിഞ്ച് അകലത്തില്‍; വിപ്ലവ മണ്ണില്‍ അടിയൊഴുക്കിന്റെ വേലിയേറ്റം
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: വിപ്ലവം ജ്വലിച്ച മണ്ണില്‍ ഇത്തവണ അട്ടിമറികളുടെയും അടിയൊഴുക്കുകളുടെയും അലയൊലി ഉയരുകയാണ്. രാഷ്ട്രീയം നോക്കി മാത്രം വിധി കുറിച്ചിരുന്ന പുന്നപ്ര-വയലാറിന്റെ മണ്ണില്‍ ജാതീയ സാമുദായിക വേര്‍തിരിവിന്റെയും ഭിന്നതയുടെയും വേലിയേറ്റമാണ് ഇത്തവണ. ഇതുവരെ ആലപ്പുഴയ്ക്ക് അന്യമായിരുന്ന ജാതി ചിന്തകളും സാമുദായിക സമവാക്യങ്ങളും ഇത്തവണ വിധിയെഴുത്തില്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്.
അതുകൊണ്ടു തന്നെ ആലപ്പുഴ ജില്ലയിലെ വോട്ടു ബാങ്കുകളുടെ മറിവും തിരിവും മുന്നണികളെ ഒന്നാകെ ഭയപ്പെടുത്തുന്നു. ജില്ലയിലെ ഒന്‍പത് സീറ്റില്‍ എട്ടെണ്ണമെങ്കിലും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, അവസാനഘട്ടത്തില്‍ എത്രയെന്ന് ഉറപ്പിച്ചു പറയാന്‍ ഇടതിനു കഴിയുന്നില്ല. യു.ഡി.എഫാകട്ടെ നില മെച്ചപ്പെടുത്തുമെന്ന വാദമാണ് ഉയര്‍ത്തുന്നത്. 2011 ല്‍ 7-2 എന്നതായിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള അന്തരം. കാവിക്കൊടിക്ക് കീഴില്‍ രാഷ്ട്രീയ ശിശുവായി ബി.ഡി.ജെ.എസിന്റെ വരവാണ് മുന്നണികളുടെ കണക്കുകൂട്ടലുകളെ താളം തെറ്റിക്കുന്നത്. ബി.ഡി.ജെ.എസിന്റെ കരുത്തില്‍ ബി.ജെ.പി നേടുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ആരുടെ വോട്ടുകളിലാണ് ചോര്‍ച്ച ഉണ്ടാവുകയെന്നത് കണ്ടറിയണം. വെള്ളാപ്പള്ളി നടേശനും കൂട്ടരും എത്രത്തോളം എന്‍.ഡി.എയ്ക്ക് വളമേകുമെന്നത് പോലിരിക്കും ബി.ഡി.ജെ.എസിന്റെ നിലനില്‍പ്പും.
അന്തിമഘട്ടത്തില്‍ അടിയൊഴുക്കുകള്‍ സജീവമാണ്. കൊടുക്കലും വാങ്ങലും അണിയറയില്‍ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അടിവലികളുടെ കാര്യത്തില്‍ ഇടതും വലതും ബി.ജെ.പിയും മാത്രമല്ല നവാഗതരായ ബി.ഡി.ജെ.എസും പരസ്പരം കൈകോര്‍ക്കുന്ന കഥകള്‍ ഉപശാലകളില്‍ പ്രചരിക്കുന്നുണ്ട്. അവസാനം രൂപപ്പെടുന്ന അടിയൊഴുക്കും അട്ടിമറിയും തന്നെയാവും രാഷ്ട്രീയം മാത്രം നോക്കിയിരുന്ന ആലപ്പുഴയുടെ വിധി എഴുത്ത് നടത്തുക. ജില്ലയില്‍ കുട്ടനാട് ഇത്തവണ ശ്രദ്ധേയമായ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. സമ്പത്തും ആള്‍ബലവും സമാസമം ചേര്‍ത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയും (എന്‍.സി.പി) എന്‍.ഡി.എക്കായി സുഭാഷ് വാസുവും (ബി.ഡി.ജെ.എസ്) തമ്മിലാണ് കളംനിറഞ്ഞുള്ള അതിശക്തമായ പോരാട്ടം നടത്തുന്നത്. പ്രചാരണ രംഗത്ത് ഇരുവരും ഒപ്പത്തിനൊപ്പമെങ്കില്‍ യു.ഡി.എഫിലെ ജേക്കബ് എബ്രഹാം (കേരള കോണ്‍ഗ്രസ് എം) തന്ത്രപരമായ പ്രചാരണത്തിലാണ്. എല്‍.ഡി.എഫിന് ലഭിച്ചിരുന്ന പരമ്പരാഗത ഈഴവ വോട്ടു ബാങ്കില്‍ ബി.ഡി.ജെ.എസ് സൃഷ്്ടിക്കുന്ന ചോര്‍ച്ചയാവും കുട്ടനാട്ടില്‍ വിധി നിര്‍ണയിക്കുക. വെള്ളാപ്പള്ളി ഈഴവ സമൂഹത്തിനിടയില്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ക്ക് എത്രമാത്രം അംഗീകാരം ലഭിക്കുമെന്നതും കുട്ടനാട്ടിലെ ഫലം തന്നെ തെളിവാകും.
ചതുഷ്‌കോണ പോരാട്ടം നടക്കുന്ന ചെങ്ങന്നൂരിലും സ്ഥിതി വ്യത്യസ്തമല്ല. യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിന് വെല്ലുവിളി വിമതയായി രംഗത്തെത്തിയ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് തന്നെയാണ്. ശോഭന പിടിക്കുന്ന വോട്ടുകളുടെ എണ്ണം പോലിരിക്കും യു.ഡി.എഫിന്റെ വിജയവും പരാജയവും. സി.പി.എമ്മിലെ കെ.കെ ജയചന്ദ്രന്‍നായരും എന്‍.ഡി.എയുടെ പി.എസ് ശ്രീധരന്‍പിള്ളയും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. നായര്‍ വോട്ടുകളിലെ ബലാബലവും ഈഴവ ക്രൈസ്തവ വോട്ടുകളിലെ സമാഹരണവുമാണ് വിജയി ആരെന്നത് തീരുമാനിക്കുക. 10 കുടുംബയോഗങ്ങളിലും രണ്ട് പൊതുയോഗങ്ങളിലും രണ്ട് റോഡ് ഷോയിലും പങ്കെടുത്താണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രിയ ശിഷ്യന്‍ വിഷ്ണുനാഥിനു വേണ്ടി വോട്ടു തേടിയിറങ്ങിയത്. എല്ലാവര്‍ക്കും മുന്‍പേ പ്രചാരണം തുടങ്ങിയ ബി.ജെ.പിയിലെ ശ്രീധരന്‍പിള്ള ശുഭപ്രതീക്ഷയില്‍ തന്നെയാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ട് ഇത്തവണയും പോരാട്ടം തിളച്ചു മറിയുകയാണ്. ചെറിയ വോട്ടിന് കഴിഞ്ഞ തവണ ജയിച്ചു കയറേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ചെന്നിത്തലയും. അതുകൊണ്ടു തന്നെ വിജയം മാത്രമല്ല ഭൂരിപക്ഷവും യു.ഡി.എഫിന് അഭിമാനപ്രശ്‌നമാകുന്നു. സി.പി.ഐ എക്‌സിക്യൂട്ടീവ് അംഗവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പി പ്രസാദാണ് ചെന്നിത്തലയുടെ എതിരാളി. എന്നാല്‍ മത്സരിച്ചപ്പോഴെല്ലാം നെഞ്ചോടു ചേര്‍ത്തു പിടിച്ച ഹരിപ്പാട് ഇത്തവണയും ചെന്നിത്തലയെ കൈവിടില്ലെന്ന വിശ്വാസം യു.ഡി.എഫിനുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ ഡി അശ്വിനിദേവ് രംഗത്തുണ്ട്. ഹരിപ്പാട് അടിയൊഴുക്കുകളും സജീവമാണ്.
യുവത്വത്തിന്റെ പോരാട്ടത്തിന് വേദിയായ കായംകുളത്ത് ഫലം പ്രവചനാതീതമായി കഴിഞ്ഞു. യു.ഡി.എഫിലെ അഡ്വ. എം ലിജുവും എല്‍.ഡി.എഫിലെ അഡ്വ. യു പ്രതിഭ ഹരിയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ടു യുവ അഭിഭാഷകരുടെ പോരാട്ടം ഇഞ്ചോടിഞ്ചായതോടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഷാജി എം. പണിക്കര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാവും. വി.എസ് പക്ഷ നേതാവായ സിറ്റിങ് എം.എല്‍.എ സി.കെ സദാശിവന് സീറ്റു നിഷേധിച്ചതിന്റെ പ്രതിഷേധം വോട്ടിങില്‍ പ്രതിഫലിച്ചാല്‍ എല്‍.ഡി.എഫിന് വിനയാകും. ജനാധിപത്യചേരിക്ക് വളക്കൂറുള്ള കായംകുളത്തെ മണ്ണ് ഇക്കുറി ലിജുവിലൂടെ തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. സി.പി.എമ്മിലെ വിഭാഗീയത മുതലാക്കിയാല്‍ ലിജുവിന് കടന്നുകൂടാം. എന്നാല്‍, യുവതിയും ജില്ലയിലെ ഇടതുമുന്നണിയുടെ ഏക സ്ത്രീ സാന്നിധ്യവുമായ പ്രതിഭയുടെ വിജയത്തിനായി എല്‍.ഡി.എഫ് കഠിന ശ്രമത്തിലാണ്.
സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന ആലപ്പുഴയും അമ്പലപ്പുഴയും വിജയം വഴിമാറില്ലെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്. അമ്പലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ ജി സുധാകരന് ലഭിച്ച മുന്‍ തൂക്കം പ്രചാരണത്തിന്റെ അവസാന സമയത്ത് നഷ്്ടമായിട്ടുണ്ട്. യു.ഡി.എഫിലെ ഷെയ്ഖ് പി. ഹാരിസിന് ശക്തമായ പ്രചാരണത്തിലൂടെ ഒപ്പമെത്താന്‍ കഴിഞ്ഞെങ്കിലും അടിയൊഴുക്കുകള്‍ ഉലയ്ക്കുന്നുണ്ട്. വി.എസ് പക്ഷത്തിന്റെ നിലപാട് ജി സുധാകരന് നിര്‍ണായകമാണ്. മുസ്്‌ലിം കേന്ദ്രങ്ങളിലെ ഷെയ്ഖ് പി. ഹാരിസിന്റെ കടന്നു കയറ്റത്തെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ് കടുത്ത നീക്കങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്ന അടിയൊഴുക്കുകളെ തടഞ്ഞും ജയിച്ചു കയറാനുള്ള പരിശ്രമത്തിലാണ് ഷെയ്ഖ് പി. ഹാരിസ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ എല്‍.പി ജയചന്ദ്രനും സജീവമായി പ്രചാരണ രംഗത്തുണ്ടെങ്കിലും ബി.ഡി.ജെ.എസിന്റെ സഹായം വേണ്ടത്ര ലഭ്യമല്ലെന്നത് ഉലയ്ക്കുകയാണ്.
മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വീണ്ടും ജനവിധി തേടുന്ന ആലപ്പുഴയില്‍ അവസാനഘട്ടത്തില്‍ പോരാട്ടം ശക്തമായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. വ്യത്യസ്ത പ്രചാരണ തന്ത്രങ്ങളുമായി തോമസ് ഐസക് സജീവമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ അഡ്വ. രണ്‍ജിത് ശ്രീനിവാസനും പോരാട്ട രംഗത്ത് സജീവമാണ്.
വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ പതനത്തിന് തുടക്കം കുറിച്ചു പരാജയം ഏറ്റുവാങ്ങിയ ചേര്‍ത്തലയില്‍ തലമുറകളുടെ പോരാട്ടമാണ് ഇത്തവണ. അനുഭവസമ്പത്തിന്റെ കരുത്തില്‍ എല്‍.ഡി.എഫിലെ പി തിലോത്തമന്‍ മൂന്നാംവട്ടവും ജയം പ്രതീക്ഷിക്കുമ്പോള്‍ യുവത്വം കരുത്താക്കിയാണ് ചേര്‍ത്തല തിരിച്ചു പിടിക്കാന്‍ യു.ഡി.എഫിനായി എസ് ശരത് പൊരുതുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ട് കഴിഞ്ഞതവണ ജെ.എസ്.എസ് സ്ഥാനാര്‍ഥിയായതിനാല്‍ വഴിമാറിയെന്ന് യു.ഡി.എഫ് വിലയിരുത്തുന്നത്. കൈപ്പത്തി വന്നതോടെ മണ്ഡലം സ്വന്തമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. എന്നാല്‍ ഹാട്രിക് തേടിയിറങ്ങിയ തിലോത്തമന് വിജയത്തില്‍ തെല്ലും സംശയമില്ല. കോണ്‍ഗ്രസുകാരനും തഹസീല്‍ദാറുമായിരുന്ന പി.എസ് രാജീവിനെ രംഗത്തിറക്കിയാണ് ബി.ഡി.ജെ.എസ് പോരാട്ടം നടത്തുന്നത്. ഈഴവ വോട്ടുകള്‍ സ്വാധീനം ചെലുത്തുന്ന ചേര്‍ത്തലയില്‍ ബി.ഡി.ജെ.എസിന്റെ നിലപാട് വിധിയില്‍ നിര്‍ണായകമാണ്.
മെട്രോ നഗരത്തിന്റെ ഉപഗ്രഹമായി മാറിയ അരൂരില്‍ എല്‍.ഡി.എഫിലെ അഡ്വ. എ.എം ആരിഫ് ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഹാട്രിക് കൊതിക്കുന്ന ആരിഫിനെ പ്രചാരണ രംഗത്ത് തൊടാന്‍ അവസാന നിമിഷത്തിലും യു.ഡി.എഫിലെ സി.ആര്‍ ജയപ്രകാശിന് കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. അട്ടിമറി സംഭവിച്ചാല്‍ മാത്രമേ ഫലം മറിച്ചാവൂ. ഹൈടെക് പ്രചാരണ തന്ത്രങ്ങളാണ് ആരിഫിനായി ഒരുക്കിയത്. കെ.ആര്‍ ഗൗരിയമ്മയെയും ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറിനെയും വീഴ്ത്തിയ ആരിഫിനെ ജയപ്രകാശ് അട്ടിമറിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എസ്.എന്‍ ട്രസ്റ്റ് അംഗമായ പി അനിയപ്പനാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി.
ജില്ലയിലെ ഏക സംവരണമണ്ഡലമായ മാവേലിക്കരയില്‍ തികഞ്ഞ പ്രതീക്ഷയില്‍ തന്നെയാണ് എല്‍.ഡി.എഫ്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന മാവേലിക്കര എസ്.എഫ്.ഐ ജില്ലാ നേതാവായിരിക്കേയാണ് ആര്‍ രാജേഷ് കന്നിയങ്കത്തില്‍ തന്നെ ഇടതു ചേരിയിലാക്കിയത്. ആ വിശ്വാസത്തില്‍ തന്നെ ഇത്തവണയും രാജേഷിനെ രംഗത്തിറക്കിയ സി.പി.എം പ്രതീക്ഷയില്‍ തന്നെയാണ്. കെ.പി.എം.എസ് പുന്നല വിഭാഗം നേതാവായ ബൈജു കലാശാലയെ രംഗത്തിറക്കിയാണ് യു.ഡി.എഫ് കൈവിട്ട മാവേലിക്കര തിരിച്ചു പിടിക്കാന്‍ പൊരുതുന്നത്. രാജേഷിന് നേരിയ മുന്‍തൂക്കം ഉണ്ടെങ്കിലും അട്ടിമറി പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ്. മണ്ഡലം സംവരണമെങ്കിലും നായര്‍-ക്രിസ്ത്യന്‍ വോട്ടുകള്‍ വിധിയെഴുത്തില്‍ നിര്‍ണായകമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പി.എം വേലായുധനും ശക്തമായ പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."