കല്ലുമ്മക്കായ കൃഷി: മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബോധവല്‍ക്കരണം
തൃക്കരിപ്പൂര്‍: കല്ലുമ്മക്കായ കര്‍ഷകര്‍ക്കും ഏജന്റുമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ കര്‍ഷക ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇടയിലെക്കാട് കല്ലുമ്മക്കായ കര്‍ഷകര്‍ക്കും ഏജന്റുമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
കേരളത്തിലെ കല്ലുമ്മക്കായ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ കാലാവസ്ഥ വ്യതിയാനം, ജല മലിനീകരണം, ഗുണമേന്മയില്ലാത്ത വിത്ത്, വിത്തുകളുടെ അമിത വില എന്നിവമൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കല്ലുമ്മക്കായ വിത്ത് വിതരണം, കൃഷി, വിപണനം എന്നിവയില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലികാനും സുസ്ഥിര കല്ലുമ്മക്കായ കൃഷി നിലനിര്‍ത്താനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടത് അനിവര്യമായ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസ് നടത്തിയത്. ബോധ വല്‍ക്കരണ ക്ലാസ് എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്പ്രസിഡന്റുമാരായ എന്‍ സുകുമാരന്‍ (തൃക്കരിപ്പൂര്‍), എം.വി സരോജിനി(വലിയപറമ്പ), അംഗങ്ങളായ സുമാക്കണ്ണന്‍, എം.സി സുഹറ, കെ മാധവന്‍, വി.കെ കരുണാകരന്‍, പുഷ്പ, കേരളാ അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി പി.പി ബാലകൃഷ്ണന്‍ പ്രസംഗിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ സി ജയനാരായണന്‍ സ്വാഗതവും കെ വി സുരേശന്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ പി.കെ അശോകന്‍, മത്സ്യ ഫെഡ് ജില്ലാ മാനേജര്‍ കെ വനജ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."