കായികതാരം അനാഥനായി ആശുപത്രിയില്‍
കാഞ്ഞങ്ങാട്: കായിക താരം പരിചരിക്കാനാളില്ലാതെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. പോയ കാലത്ത് കളിക്കളത്തില്‍ മിന്നിത്തിളങ്ങിയ ബാസ്‌കറ്റ് ബാള്‍ താരമായ നീലേശ്വരത്തെ കളത്തേര നാരായണനാണ് ഒരു കാല്‍ നഷ്ടപ്പെട്ട നിലയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അമ്പത്തഞ്ചുകാരനായ നാരായണന്‍ ആറ് വര്‍ഷം കാസര്‍ക്കോട് ജില്ലാ ബാസ്‌ക്കറ്റ് ബാള്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു. 1984 മുതല്‍ 90 വരേയുള്ള കാലഘട്ടങ്ങളിലായിരുന്നു ഇത്.പ്രമേഹ രോഗം ബാധിച്ച ഇദ്ദേഹത്തിന് രോഗം മൂര്‍ച്ചിച്ചതോടെ വലതു കാല്‍ മുട്ടുവരെ മുറിച്ചു മാറ്റേണ്ട അവസ്ഥ ഉണ്ടായതോടെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ച് ഇത് ഒരു വര്‍ഷം മുമ്പ് മുറിച്ചു മാറ്റി. ഇതിന് പകരമായി വച്ച കൃത്രിമക്കാലുമായി ജീവിക്കുകയാണ് നാരായണന്‍. ജില്ലാ ആശുപത്രിയിലെ പിസിയോ തെറാപ്പി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നാരായണനെ പരിചരിക്കാന്‍ ബന്ധുക്കള്‍ ആരും തന്നെ ആശുപത്രിയിലില്ല.
നീലേശ്വരം സ്‌പോര്‍ട്ടിംഗ് ക്ലബ്ബിലെ മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്ന ഇയാള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജില്ലാ ടീമിനെ നയിച്ച് ഒട്ടേറെ നേട്ടങ്ങള്‍ മുമ്പ് കൊയ്തിരുന്നു. ജില്ലക്ക് നല്ലൊരു ബാസ്‌ക്കറ്റ്‌ബോള്‍ ടീമിനെവാര്‍ത്തെടുക്കുന്നതിനു മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു. കളിക്കളത്തോടു വിട പറഞ്ഞശേഷം നീലേശ്വരം നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തി വരുന്നതിനിടയിലാണ് പ്രമേഹം ഇയാളെ വേട്ടയാടിയത്. ഇതിനിടയില്‍ ഭാര്യ നളിനിയും മക്കളും പിണങ്ങി പോകുകയും ചെയ്തു. ഇയാളുടെ രണ്ട് ആണ്‍ മക്കള്‍ ഗള്‍ഫിലാണെങ്കിലും അവരും നാരായണനെ തിരിഞ്ഞു നോക്കുന്നില്ല. നീലേശ്വരം സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് വേണ്ടി രാജാസ് ഗ്രൗണ്ടില്‍ ഒപ്പം കളിച്ചവരും, കളി ആസ്വദിച്ചവരും ആപത്ത് കാലത്ത് ഇയാളെ അവഗണിച്ചതോടെ തീര്‍ത്തും അനാഥമായ രീതിയിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിയുന്നത്.
ജില്ലാശുപത്രിയിലെ ഇതര രോഗികളുടേയും അവരുടെ കൂടെയിരിക്കുന്നവരുടേയും ദയാവായ്പിലാണ് നാരായണന്‍ കഴിയുന്നത്. ചികിത്സ കഴിഞ്ഞാല്‍ എങ്ങോട്ടു പോകണമെന്നറിയാതെ പകക്കുകയാണ് നാരായണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."