നാഥനില്ലാകളരിയായി കുറ്റാലം കൊട്ടാരം
എ. മുഹമ്മദ് നൗഫല്‍കേരളത്തിന്റെ ഭൂസ്വത്ത് തമിഴ്‌നാട്ടില്‍ നാശത്തിന്റെ വക്കില്‍
കൊല്ലം: കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ നോക്കാനാളില്ലാതെ കേരളത്തിന്റെ ഭൂസ്വത്തുക്കള്‍ നാശത്തിന്റെ വക്കില്‍. അതിര്‍ത്തിയില്‍ കോടികള്‍ വിലമതിക്കുന്ന സൗധങ്ങള്‍ കെട്ടിപ്പൊക്കി തമിഴ്‌നാട് ആധിപത്യം ഉറപ്പിക്കുമ്പോള്‍ കേരളത്തിന്റെ സ്വത്തുക്കള്‍ തമിഴ്‌നാട്ടില്‍ അന്യാധീനപ്പെടുന്നു. പൊതുമരാമത്തിന്റെ കോടികള്‍ വിലമതിക്കുന്ന കൊട്ടാരവും വസ്തുവകകളുമാണ് കാടുകയറിയും കൈയേറിയും നശിച്ചുകൊണ്ടിരിക്കുന്നത്.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ കീഴില്‍ ചെങ്കോട്ട താലൂക്കിലുള്ള കുറ്റാലം കൊട്ടാരവും ഇതിനു ചുറ്റുമുള്ള 56.68 ഏക്കര്‍ സ്ഥലവുമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് ഏക്കറുകണക്കിന് വസ്തുക്കളും കൊട്ടാരവും ഉള്ളതായി കേരളത്തിലെ ഭരണാധികാരികള്‍ക്കും അറിവില്ല. ഇതാണ് കൊട്ടാരവും വസ്തുവകകളും മറ്റുള്ളവര്‍ കൈക്കലാക്കാന്‍ കാരണമെന്ന് പൊതുമരാമത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപം ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളിലുമായാണ് കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും സ്ഥതിചെയ്യുന്നത്. കൊട്ടാരത്തിന് പുറമെ പാലസ് അനക്‌സ്, ട്വിന്‍ ടെപ്പ് കെട്ടിടം, അമ്മ വക നാലുകെട്ട്, കൂലി ലൈന്‍ കെട്ടിടം, സ്‌കോര്‍പിയോണ്‍ ഹാള്‍, സെക്രട്ടറി ക്വാര്‍ട്ടേഴ്‌സ്, സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, കോട്ടേജ് (1, 2, 3) എന്നീ 11 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പുനലൂര്‍ പൊതുമരാമത്ത് ഡിവിഷന്റെ കീഴിലാണ് കൊട്ടാരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊട്ടാരത്തിന്റെ നടത്തിപ്പിനായി പാലസ് സൂപ്രണ്ടിനെ ഇവിടേക്ക് അയച്ചിട്ടുണ്ടെങ്കിലും മാസത്തില്‍ ഒരുതവണ മാത്രമേ ഇദ്ദേഹം കൊട്ടാരത്തില്‍ എത്താറുള്ളൂ.
നാഥനില്ലാകളരിയായ കൊട്ടാരവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ്. തെങ്കാശി സ്വദേശിയായ കൊട്ടാരം ഗാര്‍ഡിന് കൈമടക്കു കൊടുത്താല്‍ വാഹനങ്ങള്‍ കൊട്ടാരം വളപ്പില്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യം ലഭിക്കും.
കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കുറ്റാലത്തെത്തി മുറി ആവശ്യപ്പെട്ടാല്‍ വാടകയ്ക്ക് മുറി നല്‍കുന്നില്ലെന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം അഞ്ച് ലക്ഷത്തിലധികം രൂപയാണ് വാടകയിനത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഇവിടെ നിന്ന് ലഭിച്ചത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി കഴിഞ്ഞ സര്‍ക്കാര്‍ കൊട്ടാരം മോടി പിടിപ്പിക്കുകയും പെയിന്റു ചെയ്യുകയും ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു.
പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കുറ്റാലത്തുള്ള 11 കെട്ടിടങ്ങളില്‍ പലതും നാശത്തിന്റെ വക്കിലായിരിക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ കൊട്ടാരത്തിന്റെയും കെട്ടിടങ്ങളുടെ ഓടുകളും ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
അഞ്ചു ഗാര്‍ഡുകളുടെ ഒഴിവുള്ള ഇവിടെ ഒരാളെ മാത്രമേ പൊതുമരാമത്ത് വകുപ്പ് നിയമിച്ചിട്ടുള്ളു. കൊട്ടാരം ശരിയായ രീതിയില്‍ പരിപാലിക്കണമെന്നും ഗാര്‍ഡുമാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും ആവശ്യപ്പെട്ട് നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."