108ന്റെ തിളക്കത്തില്‍ ഊട്ടി പര്‍വത ട്രെയിന്‍ ഇപ്പോള്‍ പ്രയാണം കിതച്ച് കിതച്ച്
ഊട്ടി: കുന്നും മലകളും താണ്ടിയുള്ള ഊട്ടി പര്‍വത ട്രെയിന്‍ 108ന്റെ നിറവില്‍. 1899 ജൂണ്‍ 15ന് ആണ് മേട്ടുപ്പാളയം-കുന്നൂര്‍ പാതയില്‍ സര്‍വിസ് ആരംഭിച്ചത്. മേട്ടുപാളയം മുതല്‍ ഊട്ടി വരെയുള്ള 46 കിലോമീറ്റര്‍ പാതയില്‍ 16 തുരങ്കങ്ങളും 200 കൊടും വളവുകളും 250 പാലങ്ങളുമുണ്ട്. സമാനമായ പാത സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്‌സ് പര്‍വത നിരയിലേക്കുള്ള റെയില്‍പാത മാത്രമാണ്.
പഴയ റാക് ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയിലാണ് ട്രെയിന്‍ ഓടുന്നത്. നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലകളിലൂടെ കുത്തനെ ഇറങ്ങുമ്പോഴും തുരങ്കങ്ങളിലൂടെ കടന്ന് പോകുമ്പോഴും വ്യത്യസ്ത അനുഭവമാകും യാത്രക്കാര്‍ക്ക്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ട്രെയിനില്‍ മഞ്ഞില്‍ കുതിര്‍ന്ന വഴികളിലൂടെയുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്. പ്രതിവര്‍ഷം 25 ലക്ഷം വിനോദസഞ്ചാരികളാണ് നീലഗിരിയിലെത്തുന്നത്.
അവധിക്കാലങ്ങളില്‍ പര്‍വതതീവണ്ടി യാത്രക്കായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബുക്ക് ചെയ്യാറുണ്ട്. 2005 ജൂലൈ 15ന് പര്‍വത തീവണ്ടിക്ക് സുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചു. 11.516 മീറ്റര്‍ നീളവും 2.15 മീറ്റര്‍ അകലവുമാണ് ഇതിനുള്ളത്. പഴയ റാക്ആന്‍ഡ് പിനിയണ്‍ സാങ്കേതിക വിദ്യയില്‍ കല്‍ക്കരി എന്‍ജിനിലാണ് ട്രെയിനിന്റെ പ്രയാണം. ഇത്രത്തോളം ചരിത്രം പേറുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാര്‍ കാരണം പാതിവഴിയില്‍ സര്‍വിസ് മുടങ്ങുന്നത് പതിവാണ്.
ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ മാത്രം പതിനഞ്ച് തവണയാണ് ട്രെയിന്‍ പണിമുടക്കിയത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യമുള്ള മേഖലകളാണിത്. എന്‍ജിനുകളില്‍ വെള്ളം കയറാതെയും ഫര്‍ണസ് ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചും ബ്രേക്ക് നിലച്ചുമാണ് കരിവണ്ടി നിന്നു പോകുന്നത്. ട്രെയിനിന്റെ സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരം കാണണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്. അതേസമയം പര്‍വത തീവണ്ടി നിലനിര്‍ത്തുന്നതിലൂടെ വര്‍ഷം അഞ്ചുകോടി രൂപ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടാകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."