വാലിദ് പിറന്നു; ഗസ്സയിലെ ജനസംഖ്യ 20 ലക്ഷമായി
റഫ (ഗസ്സ): വാലിദ് ശആദിന്റെ ജനനം ഗസ്സ നിവാസികള്‍ ആഘോഷത്തോടെയും ആശങ്കയോടെയുമാണ് വരവേറ്റത്. കഴിഞ്ഞ ആഴ്ച ഗസ്സയുടെ സംഘര്‍ഷ ഭൂമിയിലേക്ക് പിറന്നുവീണ വാലിദ് ഗസ്സന്‍ ജനസംഖ്യ 20 ലക്ഷം എന്ന കണക്കു തികച്ചു.
ഭാവിയെ കുറിച്ചുള്ള ആശങ്കള്‍ക്കിടയിലും വാലിദിന്റെ ജനനം ഗസ്സാ നിവാസികള്‍ ആഘോഷപൂര്‍വമായാണ് കൊണ്ടാടിയത്. നിറമുള്ള ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച തെരുവില്‍ മധുരവിതരണവും നടന്നു. നേരത്തെ ഇസ്‌റാഈല്‍ ബോംബറുകള്‍ ഇവരുടെ വീട് തകര്‍ത്തിരുന്നു.
2014 ലെ ഗസ്സ യുദ്ധത്തില്‍ ജിഹാദിന്റെ ആദ്യ ഭാര്യകൊല്ലപ്പെടുകയും വാലിദിന്റെ അര്‍ധസഹോദരന്‍ 28 ദിവസം പ്രായമായ മുദാസിമിനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്നയുടനെ മാതാവ് മരിച്ചെങ്കിലും മുദാസിം അത്ഭുതകരമായി രക്ഷപ്പെട്ടു.
മാതാവിന്റെ സ്‌നേഹം ലഭിക്കാതെ വളര്‍ന്ന മുദാസിമിന് സഹോദരനെയാണ് വാലിദിന്റെ ജനനത്തോടെ ലഭിച്ചതെന്ന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് ജിഹാദ് ശആദ് പറഞ്ഞു.
ഗസ്സ പുനര്‍നിര്‍മാണം നടക്കാത്തതിനാല്‍ വാടക വീട്ടിലാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്.
പട്ടിണിയും തൊഴിലില്ലായ്മയും നിറഞ്ഞ ഗസ്സയില്‍ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാണെന്ന് ജിഹാദ് പറയുന്നു. അതിനാല്‍ വലിയതോതില്‍ ആര്‍ക്കും സന്തോഷിക്കാനാകുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് ഗസ്സയിലെ ജനസംഖ്യ 10 ലക്ഷത്തിലെത്തിയതെന്ന് ഫലസ്തീന്‍ എം.പി ജമാല്‍ അല്‍ ഖൗദരി പറഞ്ഞു.
ജനസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും ഗസ്സയിലെ അടിസ്ഥാന സൗകര്യവികസനങ്ങളും പൈപ്പ് ലൈന്‍, വൈദ്യുതി, സ്‌കൂളുകള്‍ തുടങ്ങിയ സംവാധാനങ്ങളുടെ അപര്യാപ്തതയും ഇവരുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു. യൂറോ- മെഡിറ്റേറിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗസ്സയിലെ ജനങ്ങളില്‍ 40 ശതമാനവും ദാരിദ്രരേഖയ്ക്ക് താഴെയാണ്. 80 ശതമാനം പേര്‍ ഇപ്പോഴും ഭക്ഷണത്തിന് സന്നദ്ധ പ്രവര്‍ത്തകരെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."