സംസ്ഥാനത്ത് അനധികൃത മെഡിക്കല്‍ ലാബുകള്‍ പെരുകുന്നു
സ്വന്തം ലേഖകന്‍
ചാവക്കാട്: പ്രാഥമികമായ അംഗീകാരം പോലുമില്ലാതെ സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നത് നൂറുകണക്കിന് ലാബുകളെന്ന് രഹസ്യാന്വേഷണ വിഭാഗം.
അനധികൃത ലാബുകള്‍ വ്യാപകമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനകളിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ നല്‍കി രോഗികളില്‍നിന്നും വന്‍തുക ഈടാക്കി സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതായും അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് അനധികൃത മെഡിക്കല്‍ ലാബുകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ലാബുകള്‍ അടഞ്ഞുകിടക്കുന്നതും മതിയായ ജീവനക്കാരില്ലാതെ പരിശോധനകള്‍ നടക്കാത്തതും സ്വകാര്യ മെഡിക്കല്‍ ലാബുകള്‍ക്ക് ചാകരയാകുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍പ് പാലക്കാട് വടക്കഞ്ചേരിയിലെ മൂന്ന് സ്വകാര്യലാബുകളില്‍ ഒരു രോഗി അരമണിക്കൂറിനിടയില്‍ നടത്തിയ പരിശോധനാഫലം മൂന്നും വ്യത്യസ്തമായത് തട്ടിപ്പിന്റെ വികൃതമുഖം പുറത്തുകാട്ടുന്നു.
കൊളസ്‌ട്രോളും ഹീമോഗ്ലോബിനും പരിശോധിക്കാന്‍ സ്വകാര്യ ആശുപത്രി ലാബിലെത്തി പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍ 164, ഹീമോഗ്ലോബിന്‍ 12.2 എന്നാണ് പരിശോധനാഫലം ലഭിച്ചത്. സംശയത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു മെഡിക്കല്‍ ലാബിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊളസ്‌ട്രോള്‍ 260, ഹീമോഗ്ലോബിന്‍ 13.4 എന്ന് റിസള്‍ട്ട് ലഭിച്ചു. രണ്ടും റിസള്‍ട്ടും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ട് മൂന്നാമത്തെ ലാബില്‍ പരിശോധിച്ചപ്പോള്‍ കൊളസ്‌ട്രോള്‍ 230, ഹീമോഗ്ലോബിന്‍ 14 എന്ന റിസള്‍ട്ടാണ് ലഭിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന ലാബുകളും എക്‌സറേ-സ്‌കാനിങ് യൂനിറ്റുകളും പാളിച്ചകള്‍ വരുത്തുമ്പോള്‍ രോഗനിര്‍ണയത്തില്‍ വന്‍പിഴവാണ് സംഭവിക്കുന്നത്.
അശാസ്ത്രീയമായി നിര്‍മിക്കുന്ന എക്‌സ്‌റേ യൂനിറ്റുകളില്‍നിന്നുള്ള റേഡിയേഷന്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഹാനികരമാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായും സാങ്കേതികശാസ്ത്രീയ പരിജ്ഞാനമില്ലാത്ത ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ലാബുകള്‍ക്കു പുറമെ സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളിലും യോഗ്യതയില്ലാത്ത നിരവധി പേരാണ് ജോലി ചെയ്യുന്നത്.
ആരോഗ്യവകുപ്പിന്റെ അംഗീകാരമോ രജിസ്‌ട്രേഷന്‍ നമ്പറോ ഇല്ലാതെ നിരവധി ലാബുകള്‍ പ്രവര്‍ത്തിക്കുന്നതായി സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടര്‍മാരും മെഡിക്കല്‍ അധികൃതരും ലാബുകളും എക്‌സ്‌റേ യൂനിറ്റുകളും തമ്മിലുള്ള അവിശുദ്ധബന്ധമാണ് അനധികൃത മെഡിക്കല്‍ ലാബുകള്‍ പെരുകുന്നതിന് കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കുന്ന ലാബുകള്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."