വിദ്യാര്‍ഥികള്‍ക്ക് എച്ച്.എല്‍.എല്‍ പ്രതീക്ഷാ സ്‌കോളര്‍ഷിപ്പ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഏറ്റെടുത്തിട്ടുള്ള സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്.എല്‍.എല്‍ പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, നഴ്‌സിങ്, ബി ഫാം, ഡിപ്ലോമ, ഐ.ടി.ഐ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ബി.പി.ല്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിയായിരിക്കണം. തിരുവനന്തപുരം സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിവര്‍ഷം എം.ബി.ബി.എസിന് 30,000 രൂപയും എന്‍ജിനിയറിങ്, ബി.ഫാം എന്നിവയ്ക്കു 20,000 രൂപയും ലഭിക്കും.
നഴ്‌സിങ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 10,000 രൂപ വീതവും ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവുമാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ്.
ഓരോ വിഭാഗത്തിലും അഞ്ചു കുട്ടികളെ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും. ഈ വിദ്യാര്‍ഥികള്‍ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഓരോ വര്‍ഷത്തേയും പഠനിലവാരം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. പുതുതായി 30 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുക.
അപേക്ഷാ ഫോം www.lifecarehll.com വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എച്ച്.എല്‍.എല്‍ ഓഫിസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്.ആര്‍), എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, കോര്‍പറേറ്റ് ആന്‍ഡ് രജിസ്‌റ്റേര്‍ഡ് ഓഫിസ്, എച്ച്.എല്‍.എല്‍ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ നവംബര്‍ 10നു മുന്‍പ് അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."