മലയാളി താരം മുഹമ്മദ് ഷാനില്‍ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമില്‍
വടകര: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ക്രിക്കറ്റ് താരം. ചോമ്പാല്‍ കുഞ്ഞിപ്പള്ളിയിലെ ജിഫ്രി മന്‍സിലില്‍ മുഹമ്മദ് ഷാനിലാണ് (26) യു.എ.ഇയില്‍ ടീമില്‍ ഇടംപിടിച്ചത്. യു.എ.ഇയില്‍ പര്യടനം നടത്തുന്ന ഒമാന്‍ ടീമുമായുള്ള ആദ്യ മത്സരത്തില്‍ തന്നെ താരമായി മാറാനും ഷാനിലിനായി. ഫാസ്റ്റ് ബൗളറായ ഷാനില്‍ ആറോവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടി.
മുന്‍ ഇംഗ്ലണ്ട് താരം ഓവൈസ് ഷാ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ദുബൈയില്‍ നടത്തിയ ടാലന്റ് ഹണ്ടിങ് കോച്ചിങ് ക്യാംപില്‍ പങ്കെടുത്ത 500 കളിക്കാരില്‍ നിന്നാണ് ഷാനില്‍ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് അര്‍ഹത നേടിയത്. ചോമ്പാല്‍ കംപയിന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ബൗളറായാണ് ഷാനില്‍ കളി തുടങ്ങിയത്. തലശ്ശേരി മുബാറക് ഹയര്‍ സെക്കന്‍ഡറി, മടപ്പള്ളി കോളജ് ടീമുകള്‍ക്കു വേണ്ടിയും പിന്നീട് കണ്ണൂര്‍ ജില്ലാ എ ഡിവിഷനില്‍ കണ്ണൂര്‍ ബ്രദേഴ്‌സ് ക്ലബിന് വേണ്ടിയും കളിച്ചു. തുടര്‍ന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് ടീമിന്റെ താരമായി. ദുബൈ സെന്‍ ഗ്രൂപ്പിനു വേണ്ടി കളിക്കുന്നതിനിടയിലാണ് യു.എ.ഇ ദേശീയ ടീമിലേക്കെത്തുന്നത്. ചോമ്പാലിലെ അബ്ദുറഹ്മാന്‍ ജിഫ്രിയുടെയും കെ.പി ഫൗസിയയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."