ബി.സി.സി.ഐക്കു വീണ്ടും സുപ്രിം കോടതിയുടെ താക്കീത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാത്ത ബി.സി.സി.ഐയെ സുപ്രിം കോടതി വീണ്ടും താക്കീത് ചെയ്തു. നിങ്ങള്‍ എന്നാണ് ശുപാര്‍ശകള്‍ നടപ്പാക്കുകയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ബി.സി.സി.ഐയോട് ചോദിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ തിയതി പറയാനാവില്ലെന്നും ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും ബി.എസി.സി.ഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ ഇന്നലെ അന്തിമ വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ദീപാവലി കഴിഞ്ഞുള്ള അവധിക്കു ശേഷം പരിഗണിക്കാമെന്നു കോടതി അറിയിച്ചു. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബി.സി.സി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് അടുത്ത മാസത്തേക്കു നീട്ടിയത്. അതിനിടെ, ബി.സി.സി.ഐയില്‍ അഡ്മിസ്‌ട്രേറ്ററെ നിയമിക്കണമെന്നു അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹമണ്യം നിര്‍ദേശിച്ചു. അല്ലെങ്കില്‍ ലോധ കമ്മിറ്റിയെ ഈ ചുമതല ഏല്‍പ്പിക്കാം. ബി.സി.സി.ഐക്കെതിരേ കോടതിയലക്ഷ്യ നടപടി വേണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു.
കേസില്‍ സുപ്രിം കോടതി നിര്‍ദേശപ്രകാരം ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ സത്യവാങ്്മൂലം സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മടിയില്ലെന്നു അനുരാഗ് പറഞ്ഞു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രതിനിധിയെ ബി.സി.സി.ഐയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ സംബന്ധിച്ച് ശശാങ്ക് മനോഹര്‍ അധ്യക്ഷനായിരിക്കെ കമ്മിറ്റിയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, അങ്ങിനെ വന്നാല്‍ അതു സര്‍ക്കാരിന്റെ ഇടപെടലിനും ഐ.സി.സി.യുടെ നടപടിക്കും കാരണമായേക്കാനിടയുണ്ടെന്നു അഭിപ്രായമുയര്‍ന്നു.
ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവവശ്യപ്പെട്ടു നിലവിലെ ഐ.സി.സി അധ്യക്ഷനായ മനോഹര്‍ ശശാങ്കിനു താന്‍ കത്തയച്ചിരുന്നു. നിലവില്‍ വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു ശശാങ്ക് മറുപടി നല്‍കിയതെന്നും അനുരാഗ് വ്യക്തമാക്കി. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇടപെടണമെന്നു ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഐ.സി.സിയെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സുപ്രിം കോടതിയും അറിയിച്ചു.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോഴും സുപ്രിം കോടതി ബി.സി.സി.ഐയെ വിമര്‍ശനം കൊണ്ടു മൂടിയിരുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ധിക്കരിക്കാന്‍ ബി.സി.സി.ഐയെ അനുവദിക്കില്ലെന്നും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ബി.സി.സി.ഐയെക്കൊണ്ട് നടപ്പാക്കിക്കാന്‍ അറിയാമെന്നും സുപ്രിം കോടതി പറഞ്ഞിരുന്നു.
ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് സുപ്രിം കോടതി ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചത്. ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു ബി.സി.സി.ഐക്ക് സുപ്രിം കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ ശനിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐ പ്രത്യേക യോഗത്തില്‍ ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."