കേരള ബ്ലാസ്റ്റേഴ്‌സ്- പൂനെ എഫ്.സി പോരാട്ടം 1-1നു സമനില
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ എഫ്.സിയുടെ തട്ടകത്തില്‍ പോരിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു സമനിലക്കുരുക്ക്. എവേ പോരില്‍ കളിയുടെ തുടക്കത്തില്‍ ലീഡെടുത്ത് മുന്നേറിയ ബ്ലാസ്റ്റേഴ്‌സിനെ പൂനെ രണ്ടാം പകുതിക്ക് ശേഷം നേടിയ ഗോളില്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്.
കളിയുടെ തുടക്കത്തില്‍ ഗോള്‍ നേടി ഈ ഐ.എസ്.എല്ലിലെ ഏറ്റവും വേഗമാര്‍ന്ന ഗോള്‍ സ്വന്തമാക്കിയിട്ടും ആ ലീഡ് നിലനിര്‍ത്താന്‍ സാധിക്കാതെ ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പതിവു പോലെ പാസിങിലെ കൃത്യതയില്ലായ്മയും ഒത്തിണക്കത്തിന്റെ അഭാവവും കൊമ്പാന്‍മാര്‍ക്ക് ഒരിക്കല്‍ കൂടി വിനയായി മാറി. കളിയുടെ അവസാന നിമിഷങ്ങളില്‍ കടുത്ത ആക്രമണം നടത്തിയിട്ടും ബ്ലാസ്റ്റേഴ്‌സിനു വിജയിക്കാനായില്ല. ഒരു ഗോള്‍ നേടാന്‍ സാധിച്ചതിന്റേയും ഒരു പോയിന്റ് നേടിയതിന്റേയും ആശ്വാസത്തില്‍ കേരള ടീം മൈതാനം വിട്ടു. ബ്ലാസ്റ്റേഴ്‌സിനായി സെഡ്രിക്ക് ഹെംങ്ബര്‍ട്ടും പൂനെയ്ക്കായി സിസ്സോക്കോയും വല ചലിപ്പിച്ചു.
ബ്ലാസ്റ്റേഴ്‌സും പൂനെയും 4-2-3-1 ശൈലിയാണ് അവലംബിച്ചത്. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കിയാണ് കോപ്പല്‍ ടീമിനെ കളിപ്പിച്ചത്. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കേരളം ലീഡെടുത്തു. കോര്‍ണറില്‍ നിന്നു മെഹ്താബ് ഹുസൈന്‍ തൊടുത്ത ഷോട്ട് നേരെ അസ്‌റാക്ക് മെഹ്മതിലേക്ക്. മെഹ്മതിന്റെ ഷോട്ട് രാവണന്‍ തടുത്തു. തടുത്ത പന്ത് ലഭിച്ചത് നേരെ സെഡ്രിക്ക് ഹെങ്ബര്‍ട്ടിന്.
പൂനെ ഗോളി എഡലിനെ കാഴ്ചക്കാരനാക്കി കേരള താരത്തിന്റെ ക്ലോസ് റേഞ്ച് നേരെ വലയിലേക്ക്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതോടെ പൂനെ ആക്രമണം കടുപ്പിച്ചു. പ്രതിരോധത്തില്‍ നായകന്‍ ഹ്യൂസടക്കമുള്ളവരുടെ നിതാന്ത ജാഗ്രത ബ്ലാസ്റ്റേഴ്‌സിനു തുണയായി.
രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമണം തന്നെ നടത്തി. ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് പൂനെയുടെ കളിക്ക് നല്ല ഒഴുക്കുണ്ടായിരുന്നു. ഏതു നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീതി ജനിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. നിരന്തരം ഗോളടിക്കാനുള്ള ശ്രമങ്ങള്‍ പൂനെ നടത്തിയെങ്കിലും നിര്‍ഭാഗ്യം അവരെ വിട്ടൊഴിയാഞ്ഞതു തടസമായി. ഒടുവില്‍ പൂനെ അര്‍ഹിച്ച ഗോള്‍ അവര്‍ക്ക് ലഭിച്ചു.
68ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നുള്ള പന്ത് ലഭിക്കുന്നതിനായി ബോക്‌സില്‍ കൂട്ടപ്പൊരിച്ചില്‍ നടക്കുന്നതിനിടെ ലമിനെ സിസ്സോക്കോ പൂനെയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു. സമനില വഴങ്ങിയയുടനെ തന്നെ കോച്ച് സ്റ്റീവ് കോപ്പല്‍ മൈക്കല്‍ ചോപ്രയെ പിന്‍വലിച്ച് ദിദിയര്‍ കാഡിയോയെ ഇറക്കി. 72ാം മിനുട്ടില്‍ ഗോളെന്നുറച്ച പൂനെയുടെ ശ്രമം ഹെങ്ബര്‍ട്ട് അപകടം ഒഴിവാക്കി രക്ഷപ്പെടുത്തി. 78ാം മിനുട്ടിലും പൂനെയുടെ രാവണന്റെ ഗോള്‍ ശ്രമം പാഴായി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും ഗോളടിക്കാനുള്ള കിണഞ്ഞ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
മൂന്നാം സീസണില്‍ അഞ്ചാം കളിക്കിറങ്ങിയ കേരളത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തില്‍ പിറന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്നു അഞ്ചു പോയിന്റുമായി അഞ്ചാം സ്റ്റാനത്തേക്ക് കയറാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. ഒരു ജയവും രണ്ടു സമനിലയും രണ്ട് തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. നാലു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റുള്ള പൂനെ ഏഴാം സ്ഥാനത്ത്. അഞ്ചു മത്സരങ്ങളില്‍ നിന്നു 10 പോയിന്റുമായി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."