മാനസിക വെല്ലുവിളികളുള്ള വിദ്യാര്‍ഥികളോട് കരുണയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍
മലപ്പുറം:മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട സ്‌കോളര്‍ഷിപ്പ് നല്‍കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളാണ് പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായി പണം നീക്കിവെക്കേണ്ടത്. എന്നാല്‍ പലരും ഈയിനത്തില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അര്‍ഹര്‍ക്ക് നല്‍കുന്നില്ലെന്നാണ് ആക്ഷേപം.
ഫണ്ട് ചെലവഴിച്ചില്ലെങ്കിലും നടപടിയൊന്നുമുണ്ടാകില്ലെന്ന കാരണത്താല്‍ ഇവരോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് പല പഞ്ചായത്തുകളും.
ഭിന്നശേഷിയുള്ള കുട്ടിക്ക് പ്രതിവര്‍ഷം 19200 രൂപ പഠനത്തിനും സ്‌കോളര്‍ഷിപ്പിനുമായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് 2014ലാണിറങ്ങിയത്.
ഗ്രാമ പഞ്ചായത്ത് 50 ശതമാനവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 25 ശതമാനം വീതവും പദ്ധതിക്ക് നീക്കിവെക്കണം. എന്നാല്‍ ഈ വര്‍ഷം മുതല്‍ മുഴുവന്‍ തുകയും ഗ്രാമപഞ്ചായത്തുകള്‍ നല്‍കണമെന്ന് വീണ്ടും ഉത്തരവിറങ്ങി. എന്നാല്‍ ഈ തുക നല്‍കുന്നില്ലെന്നാണ് പരാതി. ചുരുക്കം ചില പഞ്ചായത്തുകള്‍ നല്‍കുന്നുണ്ടെങ്കിലും സ്‌കോളര്‍ഷിപ്പ് തുക പൂര്‍ണമായും നല്‍കുന്നില്ല. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും ആക്ഷേപമുണ്ട്. 2000 മുതല്‍ 16000 വരെ നല്‍കുന്ന പഞ്ചായത്തുകളുണ്ട്. ചില പഞ്ചായത്തുകള്‍ തീരെ നല്‍കുന്നില്ല.
ചോദിക്കാനും പറയാനും ആളില്ലാത്തത് കാരണമാണ് തങ്ങളുടെ മക്കളോട് ഈ അവഗണന കാണിക്കുന്നതെന്നാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. സംസ്ഥാനത്താകെ 793937 കുട്ടികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണമാവുന്നുണ്ട്്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ അവസ്ഥയുള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."