പട്ടികജാതി കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയുടെ അളവെടുപ്പില്‍ തട്ടിപ്പെന്നു പരാതി
കുളത്തൂപ്പുഴ: ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയുടെ അളവെടുപ്പില്‍ തട്ടിപ്പ് നടത്തിയതായി പരാതി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പ് വഴി അനുവദിച്ച ഭൂമിയുടെ അളവെടുപ്പിലാണ് തട്ടിപ്പ് നടന്നതായി പരാതിയുയര്‍ന്നിരിക്കുന്നത്.
പതിനൊന്ന് പേര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതമാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. പഞ്ചായത്ത് അംഗത്തിന്റെയും പട്ടികജാതി കോ ഓര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ ചോഴിയക്കോട് പത്തേക്കര്‍ പ്രദേശത്ത് സ്വകാര്യ ഭൂമി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് പ്രമാണം കൈമാറുകയായിരുന്നു.
ഭവന നിര്‍മാണം പൂര്‍ത്തിയാക്കി അതിര്‍ത്തി കെട്ടിത്തിരിക്കുന്ന ജോലി ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ആദ്യം വസ്തു അളന്ന അതേ അളവുകാരനെ വരുത്തി വീണ്ടും അളവെടുപ്പ് നടത്തി. വസ്തുവില്‍ കുറവുണ്ടായതെങ്ങനെയെന്നതിന് അയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഗുണഭോക്താക്കള്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്കും പട്ടികജാതി വികസന വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."