ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിലെ അഴിമതി; എല്‍.ഡി.എഫ് പ്രക്ഷോഭം നടത്തും
മാനന്തവാടി: ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിലെ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നവംബര്‍ എട്ടിന് ആര്.ഡി.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് വള്ളിയൂര്‍ക്കാവില്‍ നടത്തിയ അഗ്രി ഫെസ്റ്റ്, ഗോത്രായനം പദ്ധതികളിലും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം ഫലപ്രദമല്ല. ഇതുള്‍പ്പെടെ വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷിക്കണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുമാസത്തിനിടയില്‍ മാനന്തവാടി മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇതെല്ലാം വ്യകതമാക്കുന്നത് എം.എല്‍.എഎന്ന നിലയിലുള്ള ഒ.ആര് കേളുവിന്റെ പ്രവര്‍ത്തന മികവാണ്. ഈ സാഹചര്യത്തില്‍ എം.എല്‍.എക്കെതിരെ ആരോപണ വിധേയരായ മുന്‍ മന്ത്രി ഉള്‍പ്പെടെ ചില യു.ഡി.എഫ് കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപങ്ങള്‍ പരിഹാസ്യമാണ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലും വിവിധ പദ്ധതികളുടെ നടത്തിപ്പുമായി വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വിജിലന്‍സിന്റെയും ധനകാര്യ വകുപ്പിന്റെയും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പി.വി സഹദേവന്, ഇ.ജെ ബാബു, കുര്യാക്കോസ് മുള്ളന്മട, എം.പി അനില്‍, എം.ആര് രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."