പൊതുമരാമത്ത് ഫയല്‍ പുഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ആഭ്യന്തരമന്ത്രി
കൊച്ചി : പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതി സംബന്ധിച്ച ഫയല്‍ പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ അടങ്ങിയ ഫയലാണ് വിജിലന്‍സ് പൂഴ്ത്തിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
ഇത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയാലോ വിജിലന്‍സ് അന്വേഷിച്ച കേസല്ല. മറിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിജിലന്‍സ് വകുപ്പ് ഓരോ വകുപ്പുകള്‍ക്കും നല്‍കാറുണ്ട്.
പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയല്‍ അഡീ. ചീഫ് സെക്രട്ടറി 18-6-2015ന് തനിക്ക് നല്കുകയുണ്ടായി. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പൊതുമരാമത്ത് വകുപ്പ് മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 25-6-2015ന് ഫയല്‍ വകുപ്പ് മന്ത്രിക്ക് നല്‍കുകയായിരുന്നു. അല്ലാതെ ഇത് ഏതെങ്കിലും കേസിന്റെ അഴിമതി സംബന്ധിച്ചോ കേസിനെ സംബന്ധിച്ചോയുള്ള ഫയലല്ല, മറിച്ച് വകുപ്പ് മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."