സിമന്റിന് ഓര്ഡെറുടുത്തു തട്ടിപ്പ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
പാലക്കാട്: സിമന്റിന് ഓര്‍ഡറെടുത്ത് വ്യാപാരികളേയും ആവശ്യക്കാരേയും കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന യുവാവ് വടക്കാഞ്ചേരി പൊലിസിന്റെ പിടിയിലായി. പാലക്കാട് സുല്‍ത്താന്‍ പേട്ട് സ്വദേശി കണ്ണറ സ്ട്രീറ്റില്‍ അന്‍വര്‍ മൊയ്തീന് (42) ആണ് പൊലിസ് പിടിയിലായത് വാഴക്കോട് സ്വദേശി യൂസഫിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് യുവാവിന് വേണ്ടി ഊര്‍ജിതമായ അന്വേഷണം നടത്തി വരുന്നതിനിടയില്‍ കൊയമ്പത്തൂരില് നിന്നാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീടുകളിലെത്തുന്ന അന്‍വര്‍ മൊയ്തീന് കുറഞ്ഞ നിരക്കില്‍ സിമന്റ് ഇറക്കി നല്‍കാമെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കുകയും, മാര്‍ക്കറ്റ് വിലയേക്കാള്‍ 30 രൂപ കുറച്ച് പ്രമുഖ ബ്രാന്റ് സിമന്റുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓര്‍ഡര്‍ എടുക്കുകയും ചെയ്യുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് തൊട്ടടുത്തുള്ള സിമന്റ് വ്യാപാര സ്ഥാപനത്തിലെത്തി ഓര്‍ഡര്‍ നല്‍കും. സിമന്റ് എത്തുന്ന ദിവസം ഓര്‍ഡര്‍ നല്കിയ വീട്ടില്‍ നേരത്തെ ഹാജരാകുന്ന യുവാവ് സിമന്റ് ഇറക്കുന്നതിനിടയില്‍ വീട്ടുകാരില്‍ നിന്ന് സിമന്റിന്റെ പണം വാങ്ങി അതിവിദഗ്മായി മുങ്ങുകയും ചെയ്യും. സിമന്റ് ഇറക്കിയതിന് ശേഷം വ്യാപാരികള്‍ പണത്തിന് വേണ്ടി എത്തുമ്പോഴാണ് തട്ടിപ്പിനിരയായതായി അറിയുന്നത്. ഇതിനിടയില്‍ യുവാവ് സ്ഥലം വിടുകയും ചെയ്യും. പാലക്കാട്, ആലത്തൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ വാഴക്കോട് മേഖലകളില്‍ നിന്നായി വിവിധ കേസുകളില്‍ നാല് ലക്ഷത്തോളം രൂപ യുവാവ് തട്ടിയെടുത്തതായി പൊലിസ് അറിയിച്ചു. തട്ടിപ്പിലൂടെ കൈപറ്റുന്ന പണം ആര്‍ഭാട കവിതം നയിക്കുന്നതിനാണ് യുവാവ് ഉപയോഗിച്ചിരുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."