ദേശീയപാതയോരങ്ങളിലെ രാത്രി പാര്‍ക്കിങ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു
കൊടുങ്ങല്ലൂര്‍: ദേശീയ പാതയോരങ്ങളിലെ രാത്രി കാല പാര്‍ക്കിങ് നിരന്തരമായ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം കോതപറമ്പിന് സമീപം ദേശിയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവമാണ് ഒടുവിലത്തേത്. കഴിഞ്ഞയാഴ്ച ചന്തപ്പുരയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. മരണം സംഭവിച്ചില്ലെങ്കിലും യാത്രക്കാരന് പരുക്കേറ്റിരുന്നു. ദേശിയ പാതയോരത്തും, മറ്റ് പ്രധാന റോഡുകളിലും രാത്രിയില്‍ ദീര്‍ഘദൂര ചരക്ക് വാഹനങ്ങളാണ് അനധികൃതമായി നിര്‍ത്തിയിടുന്നത്. പാര്‍ക്കിങ് ലൈറ്റുകള്‍ തെളിയിക്കാതെയും, മറ്റ് വാഹനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പ് സംവിധാനവും ഒരുക്കാതെയാണ് ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. അര്‍ധരാത്രികളില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ റോഡിലൂടെ അതിവേഗതയില്‍ വരുന്ന ഇരുചക്രവാഹനങ്ങളും, കാറുകളും ഇത്തരം വാഹനങ്ങളില്‍ ചെന്ന് കയറിയാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നു കഴിഞ്ഞിട്ടും രാത്രിയില്‍ പട്രോളിങ് നടത്തുന്ന പൊലിസ് അനധികൃത പാര്‍ക്കിങുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡില്‍ നിന്നും ഇറക്കി പാര്‍ക്ക് ചെയ്യുകയും, പാര്‍ക്കിങ് ലൈറ്റുകള്‍ തെളിയിക്കുകയോ, മറ്റ് മുന്നറിയിപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ റോഡിലെ കുരുതി ഒഴിവാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."