സഹകരണ ബാങ്ക് പരീക്ഷ നടത്തിപ്പില്‍ വന്‍ അട്ടിമറി
കയ്പമംഗലം: തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് വഴി ജെ.സി.ഡി.സി പ്രോജക്ട് നടപ്പിലാക്കുന്നതിന് വേണ്ടി ഡെവലപ്പ്‌മെന്റ് ഒഫിസര്‍, അകൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് വേണ്ടി നടത്തിയ പരീക്ഷ നടത്തിപ്പില്‍ വന്‍ അട്ടിമറി നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ രംഗത്ത്.
ഒക്ടോബര്‍ 6ന് നടന്ന പരീക്ഷയിലാണ് പരീക്ഷ നടത്തിപ്പുകാരും ചില പരീക്ഷാര്‍ഥികളും ഒത്തുകളിച്ചതെന്നാണ് ആരോപണം. സഹകരണ വകുപ്പിലെ ജെ.സി.ഡി.സി പ്രോജക്ടിന്റെ നടത്തിപ്പുകള്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വേണ്ടിയാണ് പരീക്ഷ നടത്തിയത്. ജില്ലാ സഹകരണ ബാങ്കില്‍ ജോലിചെയ്യുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ അവസരമുണ്ടായിരുന്നു.
സാധാരണ ഗതിയില്‍ പുറത്തുനിന്നുള്ള ഉദ്യോഗാര്‍ഥികള്‍ മാത്രമേ ഇത്തരം പരീക്ഷ എഴുതാന്‍ അനുവദിക്കാറുള്ളൂ. സഹകരണ ബാങ്കിലെ ജീവനക്കാര്‍ നിരീക്ഷകന്മാരും നടത്തിപ്പുകാരുമായ പരീക്ഷയില്‍ ബാങ്കില്‍ നിന്ന് പരീക്ഷ എഴുതാന്‍ വന്നവര്‍ക്ക് ഗുണംകിട്ടുന്ന രീതിയില്‍ ആണ് പരീക്ഷ നടത്തിയത്. സാധാരണ രീതിയില്‍ ഉദ്യോഗാര്‍ഥികളുടെ മുന്‍പില്‍ വെച്ചാണ് ചോദ്യപേപ്പര്‍ കവറില്‍ നിന്ന് പുറത്തെടുക്കുന്നത്. എന്നാല്‍ കവര്‍ തുറന്ന രീതിയില്‍ ആയിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ എത്തിയത്.
ഉത്തര സൂചികയില്‍ തെറ്റുവന്നാലും വെട്ടിതിരുത്തുന്നതിന് കുഴപ്പമില്ല എന്ന വിചിത്രമായ വാദവും നിരീക്ഷകര്‍ പരീക്ഷാര്‍ഥികളോട് പറഞ്ഞിരുന്നു. ഉത്തരസൂചികയിലെ വെട്ടിതിരുത്തലുകള്‍ അയോഗ്യതയായി കണക്കാക്കാറാണ് സാധാരണ പതിവ്. ഉത്തര സൂചിക മൂല്യനിര്‍ണയം നടത്തിയതും സഹകരണ ബാങ്കിലെ ജീവനക്കാര്‍ തന്നെയാണ്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വലിയ പ്രയാസം നേരിടുന്ന ചോദ്യങ്ങളാണ് പരീക്ഷയില്‍ ചോദിച്ചിരുന്നത്. ഇതില്‍ ബാങ്കില്‍ നിന്ന് പരീക്ഷ എഴുതാന്‍ എത്തിയവര്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ കഴിഞ്ഞത് എന്നത് വലിയ അഴിമതി പരീക്ഷാ നടത്തിപ്പില്‍ നടന്നു എന്നതിന് തെളിവാണ്. വലിയ തയ്യാറെടുപ്പ് നടത്തിയിട്ടും പരീക്ഷയില്‍ പങ്കെടുക്കാന്‍ വന്ന മറ്റു പരീക്ഷാര്‍ഥികള്‍ യോഗ്യത നേടാതെ പോയത് ചോദ്യങ്ങളുടെ പ്രയാസം കൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഇതില്‍ ബാങ്കില്‍ നിന്ന് വന്ന് എഴുതിയവര്‍ക്ക് മാത്രം യോഗ്യത നേടാനായതാണ് ബാങ്ക് ജീവനക്കാര്‍ പരീക്ഷ നടത്തിപ്പ് അട്ടിമറിച്ചു
എന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കാന്‍ ഇടയാക്കിയത്. ഇതിനു മുന്‍പ് പാലക്കാട്, ഇടുക്കി ജില്ലകളില്‍ വളരെ സുതാര്യമായി പരീക്ഷ നടന്നിരുന്നുവെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പരീക്ഷ നടത്തിപ്പില്‍ നിന്ന് വ്യത്യസ്തമായി വളരെ മികച്ച രീതിയില്‍ തന്നെയാണ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയ ഇന്റര്‍വ്യൂ എന്ന് ഉദ്യോഗാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ സഹകരണ ബാങ്കിലെ ജീവനക്കാരുടെ അഴിമതിക്കെതിരെ സഹകരണ രാജിസ്ട്രാര്‍ക്കും,വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് ഉദ്യോഗാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."