മയക്കുമരുന്നിനെതിരേ ജാഗ്രത പുലര്‍ത്തി കുട്ടികളുടെ പാര്‍ലമെന്റ്
കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തില്‍ കുന്ദമംഗലത്തു കുട്ടികളുടെ പാര്‍ലമെന്റും റാലിയും സംഘടിപ്പിക്കുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഹൈസ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ഥികളാണ് പാര്‍ലമെന്റില്‍ പങ്കെടുക്കുക. പ്രേക്ഷകരെ പ്രത്യേകം തിരഞ്ഞെടുക്കും. പാര്‍ലമെന്റില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനപരിപാടി കുന്ദമംഗലം ഹൈസ്‌കൂളില്‍ 26നു തുടങ്ങും. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയമാണ് പാര്‍ലമെന്റ് മന്ദിരമാവുക.
പാര്‍ലമെന്റിനകത്തുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കും. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ കുട്ടികള്‍ക്കു അറിയാനും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായി പ്രതികരിക്കാനും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കുകയാണ് ലക്ഷ്യം.
പരിശീലന ക്ലാസില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തും. നവംബര്‍ 14നു നടക്കുന്ന റാലിയില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ നിന്നും എസ്.പി.സി, ജെ.ആര്‍.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നീ കേഡറ്റുകള്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന റിസോഴ്‌സ് പേഴ്‌സണ്‍ യോഗത്തില്‍ പ്രസിഡന്റ് രമ്യാ ഹരിദാസ് അധ്യക്ഷയായി.
വിജി മുപ്രമ്മല്‍, ത്രിപുരി പൂളോറ, ബി.പി.ഒ വന്ദന, രവീന്ദ്രന്‍ കുന്ദമംഗലം, സല്‍മാന്‍ നിലമ്പൂര്‍, കെ.സി അബ്ദുസ്സലാം, ടി.എം ഷാജി, വി. പ്രേമരാജന്‍, എ.പി ശ്രീജിത്ത്, വി.എം സുരേന്ദ്രന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."