ലോറി ഡ്രൈവറെ അക്രമിച്ച് പണം കവര്‍ന്ന കേസ് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്
കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവറെ അക്രമിച്ച് കവര്‍ച്ച നടത്തുകയും തടയാന്‍ ശ്രമിച്ച ബിയര്‍ പാര്‍ലര്‍ ജീവനക്കാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്.
പ്രതികളായ പെരുവട്ടൂര്‍ അരീക്കുന്നുമ്മല്‍ മുനീര്‍ (37), കാവുന്തറ തോലേറ്റിയില്‍ ഹര്‍ഷാദ് (35) എന്നിവരെയാണ് മാറാട് പ്രത്യേക കോടതി അഡിഷണല്‍ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. തടവിനൊപ്പം പ്രതികള്‍ 10,000 രൂപ പിഴയും അടക്കണം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് പുലര്‍ച്ചെ ചെങ്ങോട്ടുകാവ് അരങ്ങാടത്ത് സ്വകാര്യ ബിയര്‍ പാര്‍ലറിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം. ബിയര്‍ പാര്‍ലറിന് അടുത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ കുന്ദമംഗലം സ്വദേശി മുസ്തഫയെയാണ് പ്രതികള്‍ അക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. തടയാനെത്തിയ ബിയര്‍ പാര്‍ലര്‍ ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ബിയര്‍ പാര്‍ലര്‍ അസിസ്റ്റന്റ് മാനേജര്‍ കണ്ണൂര്‍ പട്ടവം പ്രയാങ്കോട്ട് സതീശന്, ജീവനക്കാരായ ഗുരുവായൂര്‍ സ്വദേശി വിമല്‍, വട്ടോളിപറമ്പ് സ്വദേശി മുരളി എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. പ്രോസിക്യൂഷന് 18 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."