കഅ്ബക്കു ചുറ്റും നിര്‍മിച്ച താല്‍കാലിക റിങ് മത്വാഫ് പാലങ്ങള്‍ പൊളിച്ചുനീക്കി
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: വിശുദ്ധ ഹറമിലെ താല്‍ക്കാലിക മത്വാഫ് പാലങ്ങള്‍ പൊളിച്ചു നീക്കുന്ന ജോലി പൂര്‍ത്തിയായി. മസ്ജിദുല്‍ ഹറാമില്‍ കഅബക്ക് ചുറ്റും മുകളിലായി സ്ഥാപിച്ച താല്‍കാലിക തൂക്കുമത്വാഫ് റമദാന് മുമ്പ് പൊളിച്ചുമാറ്റാന്‍ ഇരുഹറം കാര്യാലയം നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചു മാറ്റിയത്.
താല്‍ക്കാലിക മത്വാഫ് പൂര്‍ണ്ണമായും പൊളിച്ച് മാറ്റിയതോടെ മണിക്കൂറില്‍ മുപ്പതിനായിരം പേര്‍ക്ക് മത്വാഫ് മുറ്റത്ത് മാത്രം ത്വവാഫ് ചെയ്യാന്‍ സാധിക്കും. ഇതുവരെ ഇരുപതിനായിരം പേര്‍ക്കാണു മുറ്റത്ത് ത്വവാഫ് ചെയ്യാന്‍ സാധിച്ചിരുന്നത്.
2013 ആഗസ്റ്റില്‍ മത്വാഫ് വികസന നിര്‍മാണ ജോലികള്‍ ആരംഭിച്ചപ്പോഴാണ് കഅ്ബക്ക് ചുറ്റും 12 മീറ്റര്‍ വീതിയിലും 13 മീറ്റര്‍ ഉയരത്തിലും അബ്ബാസി കോറിഡോറിനു സമാന്തരമായി എല്ലാ സംവിധാനങ്ങളോടും കൂടി താല്‍കാലിക റിങ് മത്വാഫ് നിര്‍മിച്ചത്. ഹറമിലെ തിരക്ക് കുറക്കുന്നതിനും പ്രായം കൂടിയവരുടെയും വികലാംഗരുടെയും കഅ്ബ പ്രദക്ഷിണം എളുപ്പമാക്കുന്നതിനുമാണ് കഅബക്ക് ചുറ്റും ഉയരത്തില്‍ രണ്ടു നിലകളിലായി താല്‍കാലിക തൂക്കു മത്വാഫുകള്‍ നിര്‍മിച്ചത്.
പുതിയ മത്വാഫ് വികസന പദ്ധതിയും അന്തിമഘട്ടത്തിലാണ്. ഏതാനും ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. റമദാനില്‍ പുതിയ മത്വാഫ് പൂര്‍ണ്ണമായും തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ ഇരുഹറം കാര്യാലയം തീരുമാനിച്ചിട്ടുണ്ട്. പുതിയ പദ്ധതി തുറന്നു കൊടുക്കുന്നതോടെ മണിക്കൂറില്‍ 10, 7000 വിശ്വാസികള്‍ക്ക് ത്വവാഫ് നിര്‍വ്വഹിക്കാന്‍ സാധിക്കും. മാത്രമല്ല, പള്ളി കെട്ടിടത്തില്‍ നിന്നും മത്വാഫിലേക്ക് ഇറങ്ങുന്ന ഭാഗത്തുനിന്ന് നോക്കിയാല്‍ കഅബ യാതൊരു തടസ്സവും കൂടാതെ നേരിട്ട് മുഴുവനായും കാണാന്‍ സാധിക്കും. വിശ്വാസികള്‍ക്ക് ഏറെ ആനന്ദം നല്‍കുന്ന കാഴ്ചയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."