വേങ്ങര മലബാര്‍ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം പുറത്തുനിന്നെത്തിയ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
വേങ്ങര: ഊരകം മാലാറമ്പില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര മലബാര്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ സംഘം അക്രമിച്ചതായി പരാതി. പൊലിസിനു മുന്നിലായിരുന്നു സംഭവം. തുടര്‍ന്നു ഡി.വൈ.എഫ്.ഐ-യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ എട്ടു പേര്‍ക്കു പരുക്കേറ്റു. ഇവരെ കോട്ടക്കലിലെ വിവിധ സ്വകാര്യ ആശുപത്രികള്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്കുണ്ട്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് അധ്യാപകര്‍ക്കും നിരവധി വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പിന്നീട് കൂടുതല്‍ പൊലിസെത്തി സംഘര്‍ഷം നിയന്ത്രിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. 20നു നടക്കുന്ന കോളജ് തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. എസ്.എഫ്.ഐയും കെ.എസ്.യുവും ഒരുമിച്ച് ഒരു മുന്നണിയായും എം.എസ്.എഫ് തനിച്ചുമാണ് മത്സരരംഗത്തുള്ളത്്. പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞുനല്‍കിയ എസ്.എഫ്.ഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയുന്നു.
ഇതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ചേംബറിനു മുമ്പില്‍ ഉച്ചയോടെ ഉപരോധം തീര്‍ത്തു. ഇവര്‍ക്കു സംരക്ഷണവുമായി പുറത്തുനിന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമെത്തി. പ്രതിരോധിക്കാന്‍ യൂത്ത്‌ലീഗ് പ്രവരത്തകരുമെത്തി. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.
സൂക്ഷ്മപരിശോധന തീരുംമുന്‍പ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ക്ലാസുകളില്‍ കയറി പ്രചാരണം നടത്തിയെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അവരുടെ നാമനിര്‍ദേശ പത്രികയും തള്ളണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സമരത്തെ തുടര്‍ന്നു പത്രികകളുടെ സൂക്ഷ്മപരിശോധന രാത്രി എട്ടോടെ പൊലിസിന്റെ സാന്നിധ്യത്തിലാണ് പൂര്‍ത്തിയാക്കിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് ഇരുവിഭാഗക്കാരുടെയും നാമനിര്‍ദേശപത്രിക പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."