നാവികനെ വിട്ടയച്ചില്ലെങ്കില്‍ മോദിയുമായുള്ള സംഭാഷണം ഇറ്റലി പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍
ദുബായ്: കടല്‍ക്കൊല കേസില്‍ ജയിലിലായ ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ നരേന്ദ്ര മോദിയുമായുള്ള ഇറ്റലി പ്രധാനമന്ത്രിയുടെ സംഭാഷണം പുറത്തുവിടുമെന്ന് വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കള്‍ എന്‍.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ പേര് പരാമര്‍ശിക്കണമെന്ന് മോദി ആവശ്യപ്പെട്ടതായാണ് ആരോപണം.
ക്രിസ്റ്റ്യന്‍ മൈക്കള്‍ ഈ വെളിപ്പെടുത്തല്‍ ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതു നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ ഇറ്റാലിയന്‍ നാവികനെ സ്വദേശത്തേക്കു വിട്ടില്ലെങ്കില്‍ അവര്‍ 'അത്ര സന്തോഷകരമല്ലാത്ത കാര്യം ചെയ്യുമെന്ന്' മൈക്കള്‍ പറയുന്നു.
യു.എന്‍ ഉച്ചകോടിക്കെത്തിയ മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും കൂടിക്കാഴ്ച നടത്തിയെന്നാണ് മൈക്കിള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനൊരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വി.വി.ഐ.പികള്‍ക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി 2010ല്‍ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കരാര്‍. അഴിമതി ഉയര്‍ന്ന സാഹചര്യത്തില്‍ 2012 ല്‍ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേയാണ് ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടായത്. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം. വെടിവെപ്പില്‍ രണ്ട് മത്സ്യബന്ധന തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ നാവികര്‍. ഇതില്‍ മാര്‍സിമിലാനോ ചികിത്സയ്ക്കായി നേരത്തെ ഇറ്റലിയിലേക്കു കടന്നിരുന്നു. സാല്‍വത്തോറ ഗിറോണിനെ വിട്ടുകിട്ടണമെന്നാണ് ഇറ്റലിയുടെ ഇപ്പോഴത്തെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."